Monday, October 13, 2014

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ ..തത്ത്വം...




ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരെയാണല്ലോ ത്രിമൂര്‍ത്തികളായി ഹിന്ദുമതം പഠിപ്പിക്കുന്നത്.  ബ്രഹ്മാവിന് നാല്തല, വിഷ്ണുവിന് നാല് കൈയ്യ്, ശിവനാകട്ടെ കഴുത്തില് പാമ്പ്, തലയില് ജഢ. എന്തുകോലങ്ങളാണല്ലേ? ഇതൊക്കെ വിശ്വസിക്കാനാകുന്നതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരമുണ്ടോ? നിങ്ങളുടെ കുട്ടികള്‍ ചോദിച്ചാലെന്താണ് ഉത്തരം പറയുക?

യഥാര്‍ത്ഥത്തില്‍ മനസ്സ്, ബുദ്ധി, ബോധം എന്നിവയാണ് യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവരൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

ആദ്യം ബ്രഹ്മാവിനെക്കുറിച്ച് നോക്കാം. ബ്രഹ്മാവാണ് സൃഷ്ടികര്‍ത്താവ് എന്നാണല്ലോ പറയുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവ് മനസ്സിനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതും. എന്തെന്നാല്‍ എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് നമ്മുടെ മനസ്സിലല്ലേ.

ഞാനൊരു വീടുണ്ടാക്കണമെന്ന് കരുതുന്നുവെന്നിരിക്കട്ടെ. ആദ്യം ആ വീട് എങ്ങനെയുണ്ടാകണമെന്ന് എന്‍റെ മനസ്സാണ് സൃഷ്ടിക്കുന്നത്. മനസ്സില്‍ ഞാന്‍ രൂപകല്പന ചെയ്ത വീടാണ് ഞാന്‍ നിര്‍മ്മിക്കുക. അപ്പോള്‍ നിര്‍മ്മാണം അതായത് സൃഷ്ടി ആദ്യം ഉണ്ടാകുന്നത് നമ്മുടെ മനസ്സിലാണ്. ഒരു കുഞ്ഞ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് മാതാപിതാക്കളുടെ മനസ്സിലാണ്. അവരുടെ മനസ്സിലുണ്ടായ ആ സൃഷ്ടിയാണ് പിന്നീട് കാമ-ഗര്‍ഭധാരണപ്രക്രിയകളിലൂടെ കുഞ്ഞായി പുറത്തേക്ക് വരുന്നത്. അതുകൊണ്ടാണ് മനസ്സ് ശാന്തവും സന്തോഷത്തോടെയുമിരിക്കുന്ന സമയത്ത് ലൈഗിംകബന്ധത്തിലേര്‍പ്പെടണം എന്ന് പറയുന്നത്. ഒരു നല്ല കുഞ്ഞ് ജനിക്കണമെന്ന അതിയായ ആഗ്രഹം മാതാപിതാക്കളുടെ മനസ്സിലുണ്ടാകണം. കാമത്തെ ദൈവീകമായി കാണാനുള്ള ശേഷിയുണ്ടാകണം. അപ്പൊഴേ സത്വഗുണമുള്ള കുഞ്ഞുങ്ങളുണ്ടാകൂ. പക്ഷെ ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അബദ്ധത്തിലാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികള്‍ വഴിതെറ്റിപ്പോവുകയും ചെയ്യുന്നു. ഇത്രയുമൊക്കെ പറഞ്ഞത് സൃഷ്ടി നടക്കുന്നത് മനസ്സിന്‍റെ ഭാവനയ്ക്ക് അനുസരിച്ചാണ് എന്ന് മനസ്സിലാക്കാനാണ്. അതായത് ബ്രഹ്മാവ് മനസ്സ് തന്നെ.

ബ്രഹ്മാവിന് നാല് തലകളൊക്കെ സങ്കല്പിച്ചിരിക്കുന്നത് സൃഷ്ടിക്ക് ദിക്കുകളോ, അതിരുകളോ ഇല്ല, എല്ലായിടത്തും സൃഷ്ടി നടക്കുന്നു എന്ന് സൂചിപ്പിക്കാനാണ്.
സൃഷ്ടി ബ്രഹ്മാവാണെങ്കില്‍ സ്ഥിതിയാണ് വിഷ്ണു. നിലനില്പ്. ഈ സമൂഹത്തില്‍ നിലനിന്നുപോകണമെങ്കില്‍ നമുക്ക് ആദ്യം വേണ്ടത് ശരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധിയാണ്. അതെ. വിഷ്ണു ബുദ്ധിയാണ്.

ഒരുപാട് ജോലികള്‍ ഒന്നിച്ച് പറയുമ്പോ നാം ചോദിക്കാറില്ലേ, 'എനിക്കെന്താ നാല് കൈയ്യുണ്ടോ' എന്ന്? നിലനില്പ് കര്‍മ്മാധിഷ്ഠിതമാണ്. വിഷ്ണുവിന്‍റെ നാല് കൈകള്‍ നിലനില്പിന് ആവശ്യമായ കര്‍മ്മനിരതയെ സൂചിപ്പിക്കുന്നു.

ഇനി ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ പരമശിവനെ മനസ്സിലാക്കാം. ഭൌതിക സുഖങ്ങളില്‍ നിന്ന് വേറിട്ട പരമാത്മ ബോധമാണ് പരമശിവന്‍. സംഹാര മൂര്‍ത്തിയാണ് ശിവനെന്നാണ് പറയാറ്. നമ്മുടെ ഭൌതിക സുഖലോഭമോഹങ്ങളെ സംഹരിക്കുമ്പോഴാണ് പരമാത്മ ബോധമുണ്ടാകുന്നത്. പരമേശ്വരന്‍ ശ്മശാനത്തില്‍ വസിക്കുന്നുവെന്ന് പറയുന്നത് ആത്മാവ് ശരീരത്തെ വെടിഞ്ഞ്, ശരീരബോധം മുഴുവനായും നശിക്കുന്ന സ്ഥലമാണ് ശ്മശാനം എന്നുള്ളതുകൊണ്ടാണ്.

പഞ്ചഭൂതങ്ങളേയും പ്രതിനിധീകരിച്ചാണ് ശിവന്‍റെ ശരീരത്തെ ഋഷിവര്യന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ചന്ദ്രന്‍ ആകാശത്തേയും, തലയില്‍ നിന്നുമൊഴുകുന്ന ഗംഗാനദി വെള്ളത്തേയും, തൃക്കണ്ണ് അഗ്നിയേയും, കാറ്റിലാടുന്ന ജഡകള്‍ വായുവിനേയും, കഴുത്തിലും, കയ്യിലുമരിക്കുന്ന ഉരഗങ്ങള്‍ ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു.

ഇനി ത്രിമൂര്‍ത്തികളുടെ ഭാര്യമാരെ ക്കുറിച്ച് നോക്കാം.

സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്‍റെ ഭാര്യയാണ് സരസ്വതി എന്നാണല്ലോ പറയാറ്. സരസ്വതിദേവി അറിവിന്‍റെ ദേവതയാണ്. അറിവാണ് സൃഷ്ടിയുടെ ഭാര്യ. അറിവില്ലാതെ സൃഷ്ടിയുണ്ടാകില്ല.

ഉദാഹരണം പറഞ്ഞാല്‍, ടി.വി സൃഷ്ടിച്ച ശാസ്ത്രജ്ഞന് ടി.വി എങ്ങനെയുണ്ടാവണം എന്ന അറിവില്ലാതെ ടി.വി സൃഷ്ടിക്കുക സാധ്യമല്ല. ഒരു കോഴി, മുട്ടയിട്ട്, അതിന് അടയിരുന്ന് കോഴിക്കുഞ്ഞിനെ സൃഷ്ടിച്ചെടുക്കുന്നതും അറിവ്തന്നെയാണ്. മുട്ടയിടാനുള്ള സമയമാകുമ്പോള്‍ കുരുവികള്‍ മനോഹരമായ കൂടുണ്ടാക്കുന്നതും അറിവുകൊണ്ടാണ്. എന്ത് സൃഷ്ടിക്കുവാനും അറിവുണ്ടാകണം. അറിവില്ലാത്തിടത്ത് സൃഷ്ടിയുണ്ടാകില്ല. ഈ പോസ്റ്റ് സൃഷ്ടിക്കുന്നത് അല്ലെങ്കില്‍ എഴുതുന്നത് തന്നെ ഇത് എഴുതാനുള്ള അറിവുള്ളതുകൊണ്ടല്ലേ?

വിഷ്ണുവിന്‍റെ ഭാര്യയാണ് ലക്ഷ്മി. നിലനില്പിന് പണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍വ്വാഭരണ വിഭൂഷിതയായാണ് ലക്ഷ്മീദേവിയെ സങ്കല്പിച്ചിട്ടുള്ളത്. ബുദ്ധിയുള്ളവന്‍റെ കൂടെയേ ലക്ഷ്മി ഉണ്ടാവുകയുള്ളൂ.
പാര്‍വ്വതീദേവി അല്ലെങ്കില്‍ ദുര്‍ഗ്ഗാഭഗവതി സര്‍വ്വൈശ്വര്യത്തെക്കുറിക്കുന്നവളാണ്. ലൌകിക സുഖങ്ങളെ സംഹരിച്ച് പരമാത്മബോധത്തിലെത്തിയ ഒരാള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുന്നു.

പരമശിവനെ മാത്രം നാം കുടുംബസമേതം ആരാധിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ മക്കളായ ഗണേശനേയും, മുരുകനേയും നാം ആരാധിക്കുന്നു. ഇതിനുപുറകിലും ഒരു തത്ത്വമുണ്ട്. ഗണപതി ഭഗവാന്‍ സിദ്ധിയെ സൂചിപ്പിക്കുന്നു. സിദ്ധി വിനായകനെന്ന് പറയാറില്ലേ. മുരുകനാകട്ടെ പരമമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ എന്ന് കേട്ടിട്ടില്ലേ.
അതായത്. പരമാത്മബോധത്തിലെത്തിയ , പരമേശ്വരനിലയിലെത്തിയ ഒരാള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും , സിദ്ധിയും , ജ്ഞാനവുമുണ്ടാകുന്നു എന്നര്‍ത്ഥം.

ഗുരുപരമ്പരക്ക് പ്രണാമം.

1 comment:

  1. മായയുടെ അതിപ്രധാനങ്ങളായ രണ്ടു ശക്തികളാണ് വിക്ഷേപാവരണങ്ങള്‍. അവയാണ് സംസാരത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം നടത്തുന്നത്. അവ നീങ്ങിയാല്‍ സംസാരംതന്നെ ഇല്ലെന്നു പറയണം. അവതന്നെയാണ് ചിത്തത്തില്‍ വസ്തുബോധത്തിന്നു തടസ്സങ്ങളായിട്ടിരിക്കുന്നതും. ചിത്തത്തിന്റെ അശുദ്ധിയും അവതന്നെയാണ്. അവ എങ്ങനെയുണ്ടായി എന്ന അന്വേഷണമല്ല, എങ്ങനെ നശിക്കുമെന്ന കാര്യമാണന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടിയിരിക്കുന്നത്. നാമരൂപങ്ങളും അവയോടുള്ള സംബന്ധവുമാണ് വിക്ഷേപത്തിന്റെ സ്ഥൂലരൂപം. വസ്തുബോധമില്ലായ്മയാകുന്ന തമസ്സ് ആവരണത്തിന്റെയും സ്വരൂപമാണ്. വസ്തുബോധത്തിന്റെ അഭാവത്തിലല്ലേ ആ വസ്തുവിന്റെ പ്രതീതിയുണ്ടാവുന്നത്? അതിനാല്‍ വിക്ഷേപങ്ങള്‍ക്കൊക്കെ അവലംബം ആവരണമാണ്. കയറില്‍ കയറെന്ന ബോധമില്ലാതായപ്പോഴാണല്ലോ പാമ്പിന്റെ പ്രതീതിയുണ്ടായത്. കയറിന്റെ ബോധമില്ലായ്മയാണ് വസ്തുബോധത്തിന്റെ അഭാവം. അതുതന്നെ ആവരണം. പാമ്പിന്റെ പ്രതീതി വിക്ഷേപവും. അപ്പോള്‍ രണ്ടും കൂടിച്ചേര്‍ന്നാണ് നില്ക്കുന്നതെന്നു വരുന്നു. വിള ക്കുകൊണ്ടുവന്നുനോക്കിയപ്പോള്‍ പാമ്പിന്റെ പ്രതീതി നീങ്ങലും കയറിന്റെ ബോധം പ്രകാശിക്കലും ഒപ്പം കഴിഞ്ഞു. വസ്തുബോധമുണ്ടാവുമ്പോള്‍ വിക്ഷേപവും ആവരണവും ഒപ്പം നീങ്ങുമെന്നത് അതുകൊണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതുപോലെ ആത്മബോധമുണ്ടാവുമ്പോള്‍ വിക്ഷേപാവരണങ്ങള്‍ രണ്ടും നീങ്ങി ചിത്തം പവിത്രമായിത്തീരും. ആത്മഭാവത്തിന്നും അനുഭൂതിക്കും തടസ്സവും ഇല്ലാതായിത്തീരും. പക്ഷേ വിക്ഷേപാവരണങ്ങള്‍ നിലവിലുള്ളപ്പോള്‍ ആത്മബോധമുണ്ടാവാമോ എന്നാണ് പിന്നെ ആലോചിക്കാനുള്ളത്. വിഷമമാണ് എങ്കിലും ഉണ്ടായിക്കൂടായ്കയില്ല. ഇടവിടാതെ നിരന്തരം തത്ത്വവിചാരം ചെയ്യുന്നുവെങ്കില്‍ കാലംകൊണ്ടുണ്ടാവാം. ഏതായാലുംതത്ത്വവിചാരവും സല്‍സംഗവുമാണ് ചിത്തശുദ്ധിക്കുള്ള അതിപ്രധാനങ്ങളായ രണ്ടുപാധികള്‍

    ReplyDelete