യോഗയും സംഗീതവും
ഭാരതം, ഈ ലോകത്തിനു പകർന്നു നല്കിയ ഏറ്റവും അമൂല്യമായ രണ്ടു
വരദാനങ്ങൾ പരസ്പര പൂരകങ്ങൾ ആയ യോഗയും സംഗീതവും ആണ്. ഗന്ധർവവേദം എന്ന് എന്ന് പാരമ്പര്യദശയിൽ പറയുന്ന
സംഗീതഗ്രന്ഥങ്ങളിൽ പ്രധാനമായത്
നാട്യശാസ്ത്രം, ദത്തിലം, കോഹലമതം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരീ,
സംഗീതസമയസാരം, രാഗതരംഗിണി, സ്വരമേളകലാനിധി, രാഗവിബോധം, സംഗീതപാരിജാതം,
സരസ്വതീഹൃദയാലങ്കാരം, മാനസോല്ലാസം, സംഗീതസാരസംഗ്രഹം എന്നിവയാണ്. യോഗയിലാകട്ടെ പാതഞ്ജലയോഗസൂത്രം,
യോഗാമൃതം, യോഗദര്ശനം, ഹഠയോഗപ്രദീപികാ തുടങ്ങി എണ്ണമറ്റ ഗ്രന്ഥങ്ങൾ ലഭ്യമാണ്. ഉപവേദമായ
ഗന്ധർവവേദമാകട്ടെ ദര്ശനത്തിലെ പ്രധാനമായ യോഗമാകട്ടെ ഭാരതീയമായ അഥവാ ഹൈന്ദവമായ ഏതൊന്നിന്റെയും
ലക്ഷ്യാർത്ഥം ഒന്ന് തന്നെ ആകയാൽ ഇവിടെയും അത് മറ്റൊന്നാകാൻ തരമില്ല തന്നെ.
സകല വേദ ശാസ്ത്രങ്ങളും, വിവിധങ്ങളായ ആചരണ പദ്ധതികളും,
കര്മ്മ ശാസ്ത്രങ്ങളും ഒക്കെ ഒക്കെ,
നല്കുന്ന ലക്‌ഷ്യം,
ഏകവും അദ്വിതീയവും ആണ്. അതാണ് 'യോഗം' അത് തന്നെ 'സംഗീതവും'. 'യോഗ' ശബ്ദം സിദ്ധമാകുന്നത്,
രണ്ടു രീതിയിൽ ആണ് അഥവാ രണ്ടു തരത്തിൽ
യോഗ ശബ്ദത്തെ വ്യാഖ്യാനിക്കാം. 'യുജിര് മേളനെ...' 'യുജിര് സമാധൗ' എന്നും വ്യാഖ്യാനിക്കാം. യുജിര് മേളനെ എന്നാൽ കൂടി ചേരുക..സമ്മേളിക്കുക
എന്നർത്ഥം. എന്തിന്റെ സമ്മേളനം? കുറച്ചു കൂടെ ഗഹനമായി ഇറങ്ങിയാൽ,
യോഗം എന്നത്,
ജീവ - ബ്രഹ്മൈക്യം ആണെന്ന്
മനസ്സിലാക്കാം. കേവലങ്ങളായ ആസനമുറകൾ മാർഗ്ഗ തലത്തിൽ ഉള്ളതാണ്. അതിന്റെ ലക്ഷ്യ തലം 'യോഗം' അഥവാ 'ജീവ ബ്രഹ്മൈക്യം'
തന്നെ ആണ്. അന്ത:കരണത്തിന്റെ ക്രമികമായ
നിയമനം അഥവാ നിയന്ത്രണം, യമ നിയമ പ്രാണായാമ പ്രത്യാഹാരങ്ങളിലൂടെ സിദ്ധമാക്കുന്നതാണ് 'യോഗം'. ഉന്നത തലങ്ങളിൽ അഥവാ ലക്ഷ്യ തലത്തിൽ അത്
ബാഹ്യമല്ല ആന്തരികമാണ് . ധ്യാനം, ധ്യാതാവ്, ധ്യേയം തുടങ്ങി ത്രിപുടികളും ഒടുങ്ങുമ്പോൾ അഥവാ ഏകത്തിൽ
ലയിക്കുമ്പോൾ ഏതൊരു അവസ്ഥയിൽ എത്തുന്നുവോ അത് തന്നെ യോഗം. ബാഹ്യ ശരീരത്തെ,
അഥവാ കർമ്മേന്ത്രിയങ്ങളെ അകമേക്ക്
നിയന്ത്രിച്ചു നിർത്തി, ചിന്താ ലേശമന്യേ പ്രജ്ഞയിൽ തുടരുന്നത് യോഗം.
സംഗീതത്തിന്റെ അടിസ്ഥാനം നാദം ആണ്. വേദത്തിന്റെ അടിസ്ഥാനവും
നാദം തന്നെ. പ്രപഞ്ച സൃഷ്ടിമുതൽ അവിഭിന്നമായ നാദം, നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു.
നിഗൂഡമായ ഡമരു മുഴക്കി കൊണ്ടുള്ള ശിവ താണ്ഡവത്തിന്റെ പ്രതിധ്വനി തന്നെ ഈ പ്രപഞ്ചം.
അണു മുതൽ ഈ അനന്ത കോടി പ്രപഞ്ചം മുഴുവൻ നാദത്തിന്റെ അലയൊലികൾ തന്നെ മറ്റൊന്നല്ല. നാദത്തിനെ
കുറിച്ച് സംഗീതദാമോദരം പറയുന്നു
ന നാദേന വിനാ ഗീതം,
ന നാദേന
വിനാ സ്വരഃ. ന നാദേന വിനാ രാഗസ്തസ്മാന്നാദാത്മകം ജഗത്. ന നാദേന വിനാ ജ്ഞാനം ന നാദേന
വിനാ ശിവഃ. നാദരൂപം പരം ജ്യോതിര്നാദരൂപോ പരം ഹരിഃ. നാദമില്ലാതെ ഗീതം ഇല്ല..
നാദം ഇല്ലാതെ
സ്വരവുമില്ല.. നാദമില്ലാതെ രാഗവുമില്ല.. അതുകൊണ്ട് തന്നെ നാദാത്മകം ആണ്
ജഗത്. നാദമില്ലാതെ ജ്ഞാനവുമില്ല.. നാദമില്ലാതെ ശിവനുമില്ല.. നാദരൂപം തന്നെയാണ്
ജ്യോതി ,
അതേ
നാദംതന്നെയാണ്
ഹരിയും..
നാദം
എന്നതിന് അര്ഥം
പറയുന്നു നദ ശബ്ദേ ഭാവേ ഘഞ്.. അതായത് നാദം എന്നതിന് ശബ്ദം എന്ന് അര്ഥം.. പ്രപഞ്ചം എന്നതിന് ആകട്ടെ പ്രപഞ്ചയതെ
എന്നാണ് അര്ഥം
പറയുന്നത്.. പ്ര പചി ക്തഃ,
അതായത് വ്യക്തീകരണം
എന്നാണ് അര്ഥം പറയുക.. പ്രപഞ്ചത്തിന്റെ ഉത്പത്തി പഞ്ചീകരണത്തിലധിഷ്ഠിതമാണ്..അതായത്
ആകാശാത്തിൽ നിന്ന്
വായു.. വായുവിൽ നിന്ന്
അഗ്നി.. അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന്
പൃഥിവി ഇതാണ്
പഞ്ചീകരണത്തിന്റെ അടിസ്ഥാനം.. ആകാശത്തിൽ നിന്ന് വായു..പക്ഷെ
ഈ ആകാശം എന്താണ്.. അതിന് ആചാര്യൻ ഉത്തരം പറയുന്നു, ശബ്ദഗുണകമാകാശം..അതായത് ശബ്ദത്തിന്റെ ഗുണമാണ് ആകാശം.. അതായത് നാദം
എന്നതിന്റെ ഗുണമാണ്
ആകാശം എന്നര്ഥം..സൂക്ഷ്മമായ നാദബ്രഹ്മം അതിന്റെ ഗുണരൂപമായ
ആകാശത്തിലൂടെ സ്ഥൂലമായ പ്രകൃതിസ്വരൂപമായി മാറുമ്പോഴാണ് പഞ്ചീകരണം
വരുന്നത്..അതായത് പ്രപഞ്ചം ആയി പരിണമിക്കുന്നത്.. നാദത്തിന്റെ ഗുണസ്വരൂപമായ ആകാശത്തിൽ നിന്ന് തന്നെയാണ് നാം
എല്ലാവരും ഉണ്ടായിരിക്കുന്നത് എന്നര്ഥം.
ഇവിടെ 'യോഗ''സംഗീതങ്ങളുടെ' ലക്ഷ്യ തലവും മാർഗ്ഗ തലവും, പരസ്പര പൂരകങ്ങൾ ആണെന്ന് കണ്ടെത്താം.
അഥവാ സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ രണ്ടും, ഒന്നിന്റെ തന്നെ, പൂരകം ആണെന്നും പറയാം. സ്വര,ഗീത, വർണ്ണ, കൃതികളിലൂടെ,
ക്രമാനുഗതമായി,
പരാ ഭക്തി (ആത്മ സാക്ഷാത്കാരം അഥവാ ജീവ
ബ്രഹ്മൈക്യം തന്നെ) വരെ സഞ്ചരിക്കുന്ന സംഗീതവും, യമ നിയമ പ്രാണായാമ പ്രത്യാഹാരങ്ങളിലൂടെ
സാധ്യമാകുന്ന യോഗവും (ആത്മ സാക്ഷാത്കാരം അഥവാ ജീവ ബ്രഹ്മൈക്യം) ഒന്ന് തന്നെ എന്ന്
മനസ്സിലാക്കാൻ സാധിക്കും.
ബാഹ്യ തമമായ 'യോഗയിൽ' ശരീര, മന: നിയന്ത്രണത്തിലൂടെ, ബാഹ്യമായതിനെ അന്തർമുഖമാക്കുന്നു.
സംഗീതത്തിലാകട്ടെ, ആന്തരികമായതിനെ, നാദത്തിലൂടെ പുറത്തേക്കും, അവിടെ നിന്ന് ഭക്തി അഥവാ യോഗത്തിന്റെ -
കൂടിച്ചേരലിന്റെ പരമോന്നതിയിലെക്ക് അനുവാചകനെ പോലും, എത്തിക്കുന്ന തലത്തിൽ യോഗാർത്ഥം
അനുഭവിക്കുന്നു. സംഗീതത്തിൽ, ശ്രവ്യം, ശ്രോതാവ്, ശ്രവണം തുടങ്ങിയ ത്രിപുടികളും കടന്നു,
നാദം മാത്രം അവശേഷിക്കുന്പോൾ യോഗം സിദ്ധാമാകുന്നു.
ആനന്ദം ജനിപ്പിക്കുന്നത് എന്തോ,
അത് നാദം. ആനന്ദം കേവലമായ സന്തോഷം അല്ല.
അത് അനുഭവൈകവേദ്യമായ ഉണ്മ. 'ഞാൻ' ഉണ്ട് എന്ന അനുഭവം. ശാരീരികമായി ഉണ്ടാകുന്ന ബോധം അല്ല.
വെറുതെ 'ആയിരിക്കുന്ന'
അവസ്ഥ. "ജപകോടിഗുണം ധ്യാനം,
ധ്യാനകോടിഗുണോ ലയഃ,
ലയകോടിഗുണം ഗാനം ഗാനാത് പരതരം ന ഹി
" എന്ന പ്രമാണം , വഴി നടത്തുന്നതും മറ്റൊന്നല്ല. ഇവിടെ യോഗം ഗാനം
ചെയ്യപ്പെടുന്നതും, ഗായകനും, ശ്രോതാവും, തമ്മിലുള്ള സ്വരൈക്യം തന്നെ ആകുന്നു. ചിണി, ചിണി ചിണീ,
ഘണ്ടാനാദഃ, ശംഖനാദഃ, തന്ത്രീനാദഃ, താളനാദഃ, വേണുനാദഃ, ഭേരീനാദഃ, മൃദംഗനാദഃ, മേഘനാദഃ
എന്നിങ്ങനെ നാദത്തെ പത്തുതരത്തിൽ പറയുന്നു.
കാമകലാവിന്യാസം പറയുന്നു,
അന്തര്മുഖപരമയോഗികളാൽ കാണുന്ന മദ്ധ്യമാ ശക്തി , സ്ഥൂല സൂക്ഷ്മരൂപത്തിൽ രണ്ടുവിധമാണ്.
സമാധിബലത്തിൽ അനുഭവിക്കുന്നതു സൂക്ഷ്മവും,
വര്ണസ്വരൂപത്താൽ പണ്ഡിതപാമരന്മാരാൽ മനസ്സിലാക്കപ്പെടുന്ന വര്ണരൂപങ്ങൾ
സ്ഥൂലവും.. അതുകൊണ്ടു തന്നെ പറയുന്നു, സൂക്ഷ്മാ നവനാദമയി, സ്ഥൂലാ നവവര്ണാത്മാ ഇതി.
യോഗയിൽ അത് ജ്ഞാനേന്ദ്രിയങ്ങളും, കർമ്മേന്ദ്രിയങ്ങളും ക്രമാനുഗതമായി അടക്കി,
ചിന്തകളെ വെടിഞ്ഞു,
സത്തയുമായി ഐക്യം പ്രാപിക്കുന്നു. ..അഥവാ
അത് 'മേളനം'
ആകുന്നു... വായുനിരോധം കൊണ്ട് സ്വാധിഷ്ഠാനാദികളായ കമലങ്ങളെ
ഭേദിച്ച് ദ്വാദശാന്താരവിന്ദാസനസ്ഥനായ
പരമശിവനിൽ ലയിക്കുന്ന മഹാമാതൃകയായ കുണ്ഡലിനിയെ യോഗികൾ ബഹുവിധനാദരൂപമായി
അനുഭവിക്കുന്നു.
ദേവിയെ വിളിക്കുന്നത് കലാലാപാ എന്നാണ്, കലം മധുരാസ്ഫുടം
ആലപതീതി എന്നര്ഥം.. മധുരമായി ആലാപനം ചെയ്യുന്നവളാണ് ദേവി.. അതുതന്നെയാണ്
വാക്കിന്റെ സ്വരൂപവും.. അത് തന്നെയാണ്
പരാ രൂപമായി പശ്യന്തി മദ്ധ്യമാ വൈഖരീ രൂപമായി നമ്മളിലൂടെ വരുക..
ഭാരതീയമായ അഥവാ ഹൈന്ദവമായ സമ്പ്രദായങ്ങൾ
ഓരോന്നും, നിശ്രേയസ്സിലെക്കുള്ള വഴി തന്നെ ആണ്. 'സംഗീതമായാലും,
സാഹിത്യമായാലും, സഗുണ, നിർഗുണ ഉപാസന
ആയാലും , ദ്വൈതം ആവട്ടെ, വിശിഷ്ടാദ്വൈതമാവട്ടെ ,
ഏതൊന്നും ആകട്ടെ, മനുഷ്യനെ പൂർണ്ണ അവബോധതിലെക്ക് - ആത്മ ജ്ഞാനത്തിലേക്ക്, വഴിനടത്താൻ ഉള്ളതാകുന്നു. നാദബ്രഹ്മ മയിയായ ദേവിയുടെ സംഗീതോപാസനയും
യോഗദര്ശനവും മറ്റൊന്നല്ല.. ഭാരതീയപാരമ്പര്യത്തിലെ എല്ലാവഴികളും
എത്തിക്കുന്നത് ശുദ്ധബോധത്തിലേക്കാണെന്ന് ഉള്ളത്
തര്ക്കമറ്റ വിഷയമാണ് എന്നത് വളരെ സാമാന്യര്ക്കു പോലും മനസ്സിലാക്കാനാകുന്നതാണ്..ഹരി
ഓം
No comments:
Post a Comment