Thursday, July 31, 2014

ലളിതാസഹസ്രനാമവ്യാഖ്യാനത്തിലൂടെ ചിന്താമണി ഗൃഹാന്തസ്ഥാ



ചിന്താമണി ഗൃഹാന്തസ്ഥാ, പഞ്ചബ്രഹ്മാസനസ്ഥിതാ മഹാപദ്മാടവീ സംസ്ഥാ കദംബവനവാസിനീ. ഈ നാലുനാമങ്ങളുടേയും അര്ഥം ഒന്നു വ്യത്യസ്തമായി ചിന്തിക്കുമ്പോൾ ദേവി എന്നത് നമ്മളിൽ തന്നെയാണ് ഉള്ളത് എന്ന്  വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാനാകുമെന്ന് തോന്നുന്നു.


 ചിന്താമണി എന്ന വിശിഷ്ടരത്നം കൊണ്ടു നിര്മിച്ച ഗൃഹത്തിൽ താമസിക്കുന്നവളായ ദേവി എന്നാണ് ആദ്യത്തെ നാമത്തിന് സാമാന്യാര്ഥം ആചാര്യന്മാരു പറയുന്നത്. 

ചിന്താമണി എന്നതിന് അര്ഥം ചിന്തായാം സർവകാമപ്രദാ മണിരിവ. ചിന്തയാ ധ്യാനധാരണാദിനാ മണ്യതേ ആഹൂയതേ ഇതി വാ. ചിന്തകൊണ്ട് അഥവാ ധ്യാനധാരണാദികൾ കൊണ്ടു വിളിക്കുന്നവളെന്നര്ഥം. ചിന്ത തന്നെ മണിയായവളെന്നര്ഥം പറയുന്നു.  ഗൃഹശബ്ദത്തിന് രക്ഷിതസ്ഥാനം എന്നാണര്ഥം. അന്തഃ ശബ്ദത്തിന് സ്വരൂപം എന്നും അര്ഥം പറയുന്നു.. ധ്യാനധാരണാദികളായി ദേവിയെ വിളിക്കുന്ന  സാധകരുടെ ശരീരം   തന്നെ സ്വരൂപമായി  സ്വീകരിച്ച് അവര്ക്ക്  എല്ലാ കാമങ്ങളേയും പ്രദാനം ചെയ്യുന്നവളെന്നര്ഥം.    ഇവിടെ ധ്യാനം ചെയ്യുന്ന വ്യക്തിയും ദേവി തന്നെ എന്ന് വ്യംഗ്യം.  
  

പഞ്ചബ്രഹ്മാസനസ്ഥിതാ എന്നതിനാകട്ടെ  ബ്രഹ്മ വിഷ്ണു രുദ്രൻ  ഈശാനൻ  സദാശിവൻ തുടങ്ങിയവരായ പഞ്ചബ്രഹ്മനിര്മിതമായ ആസനത്തിൽ ഇരിക്കുന്നവളെന്നര്ഥം പറയുന്നു. 


പഞ്ച ശബ്ദത്തിന് സംഖ്യാവിശേഷമായി പറയുമ്പോഴും ഇന്ദ്രിയം സ്വര്ഗം, വ്രതാഗ്നി തുടങ്ങി ഒരു പാടു അര്ഥങ്ങളെ സ്വീകരിക്കുന്നുണ്ട്.  ബ്രഹ്മാസനം എന്നതിന് ബ്രഹ്മപ്രാപ്തിക്കുള്ള ആസനം എന്ന് അര്ഥം.  ധ്യാനാസനം, യോഗാസനം എന്നിങ്ങനെ അമരകോശം ബ്രഹ്മാസനത്തിന് അര്ഥം പറയുന്നു.  ബ്രഹ്മാസനം തദാ വക്ഷ്യേ യത് കൃത്വാ ബ്രഹ്മണോ ഭവേത്.  ധ്യാനം എന്നത് പരമാര്ഥചിന്തനവും യോഗം എന്നത് ചിത്തവൃത്തി നിരോധവും.  സ്ഥിതാ എന്നതിന് സ്ഥിതിചെയ്യുന്നവളെന്നര്ഥം. അതായത്  ഇന്ദ്രിയത്തെ അടക്കി ധ്യാനയോഗം ചെയ്യുന്ന സാധകരിൽ സ്ഥിതിചെയ്യുന്നവളെന്നര്ഥം ലഭിക്കുന്നു. 


മഹാപദ്മാടവീ സംസ്ഥാ എന്നതിന് വളരെ വലിയ താമരവനത്തിൽ താമസിക്കുന്നവളെന്ന് ആചാര്യന്മാർ അര്ഥം പറയുന്നു.  


മഹാപദ്മം എന്നതിന്  മഹത് പദ്മം താദൃശം ചിഹ്നം ശിരസി യസ്യ എന്നാണ് അര്ഥം.  അതായത് ആരുടെ ശിരസിലാണോ മഹത്തായ പദ്മസദൃശമായ ചിഹ്നം ഉള്ളത് അതിനെയാണ് മഹാപദ്മം എന്ന പറയുന്നത്. അടവീ എന്നതിന്  വനം എന്ന് പറയുന്നു. മഹാപദ്മവനം ചേദം സമാനം തസ്യചോപരി എന്ന്  സ്വച്ഛന്ദതന്ത്രം പറയുന്നു. അതായത്  സഹസ്രദളപദ്മത്തെയാണ്  ഇവിടെ കാട് എന്ന് പറയുന്നത് എന്നര്ഥം.  യോഗമാര്ഗത്തിൽ  ധ്യാനയോഗാദികൾകൊണ്ട്  സാധന ചെയ്ത ഭക്തരുടെ സഹസ്രാരപദ്മമാകുന്ന വനത്തിൽ സ്ഥിതിചെയ്യുന്ന   ദേവിയെയാണ് ഇവിടെ പറയുന്നത്.


കദംബവനവാസിനീ എന്നതിന് കദംബവൃക്ഷങ്ങളാകുന്ന വനത്തിൽ സ്ഥിതിചെയ്യുന്നവളെന്ന് അര്ഥം പറയുന്നു. 

കദംബം എന്നതിന് കം പ്രജാപത്യധിഷ്ഠാതൃകം ഔപസ്ഥേന്ദ്രിയം ദമയതി ഇതി വ്യുത്പത്ത്യാ ജിതേന്ദ്രിയതത്ത്വജ്ഞാനീ എന്ന് അര്ഥം.  അതായത് കദംബം എന്നാൽ ഇന്ദ്രിയത്തെ ജയിച്ചവനും തത്ത്വത്തെ അറിഞ്ഞവനും ആണെന്നര്ഥം.   വനവാസിനീ എന്നതിന്  ആകട്ടെ വനം വാസയതീ സുരഭീ കരോതി എന്നാണ് അര്ഥം. അതായത് വനത്തെ സുഗന്ധപൂരിതമാക്കുന്നവളെന്നര്ഥം. അതായത് ബ്രഹ്മസ്വരൂപത്തെ അറിഞ്ഞ സാധകനെ സുഗന്ധപൂരിതമാക്കുന്നവളാണ് ദേവി എന്നര്ഥം. 

അഹമേവ ദേവീ ന ചാന്യോസ്മി.. ഓരോ നാമങ്ങളു വായിക്കുമ്പോഴും അറിയുമ്പോഴും ദേവിയിലേക്ക് അല്ല ദേവി തന്നെയാണ് നാം എന്ന് അറിയുക, സഹസ്രനാമത്തിലൂടെ ഓരോ വ്യക്തിയും ചെയ്യാൻ  ശ്രമിക്കുന്നത് ഇതാണ്..ഹരി ഓം

No comments:

Post a Comment