Wednesday, July 16, 2014

രാമായണവും ഭാരതസംസ്കാരവും..

രാമായണവും ഭാരതസംസ്കാരവും..

രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ് .. രാമായണമാസാചരണം തന്നെ ചെയ്യുന്നവരാണ് നാം ഭാരതീയർ... പക്ഷെ പലര്ക്കും അറിയാത്ത ഒന്നാണ് ഏഷ്യയില്‍ ഒട്ടേറെ രാമായണങ്ങളുണ്ട്‌ എന്നുള്ളത്. ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത രാമായണത്തെ കുറിച്ചുള്ള ചില വിഷയങ്ങൾ ഇവിടെ ഇടുകയാണ് ..ഒരുപാടുപേര്ക്ക് രാമയണം എന്നതിനെ കുറിച്ച് കൂടുതലറിയാൻ ഇത് സഹായകമാകും എന്ന് വിചാരിക്കുന്നു..

ഇന്‍ഡോനേഷ്യൻ രാമായണം
ബാലി, ജാവ, സുമ്രാത്ര (സുമിത്ര), കംബോജം (കംബോഡിയ), ശ്യാമ (സയാം) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്

ടിബറ്റൻ രാമായണം
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്.5 ഇതിന്റെ പ്രാരംഭത്തില്‍ രാവണ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അനന്തരം വിഷ്ണു ദശരഥന്റെ പുത്രന്റെ രൂപത്തില്‍ അവതരിക്കുമെന്ന വൃത്താന്തമാണ്.

ഖോത്താനീരാമായണം
പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. സാമ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ടിബറ്റന്‍ രാമായണത്തിന്റെ അനുകരണമാണ് ഇതെന്നു പറയാവതല്ല. പ്രൊഫസര്‍ എച്ച്.ഡബ്ല്യു. ബെയ്‌ലിയാണ് രാമായണത്തിന്റെ ഖോത്താന്‍ പതിപ്പ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത്.
ഖോത്താന്‍രാമായണത്തിലും സീത ദശഗ്രീവന്റെ പുത്രിയാണ്. വനവാസകാലത്താണ് സീതയുടെ വിവാഹം നടക്കുന്നത്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്.

ബര്‍മീസ് രാമായണം
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്.7 ബര്‍മ്മയിലെ ശക്തനായ ഒരു രാജാവ് 1716-ല്‍ സയാമിന്റെ രാജധാനിയായ ആയുതിയ (അയോദ്ധ്യ) ആക്രമിച്ചു നശിപ്പിച്ചു. അനന്തരം രാജാവ് അനേകം തടവുകാരെ കൂടെ കൊണ്ടുപോയി. അവര്‍ സയാമിലെ രാമനാടകം അഭിനയിക്കാന്‍ തുടങ്ങി. സയാമിലെ രാമകഥയുടെ അടിസ്ഥാനത്തില്‍ യൂതോ ക്രിസ്തുവര്‍ഷം 1800നോടടുത്ത് രാമയാഗന രചിച്ചു. ഇത് ബര്‍മ്മയിലെ ഏറ്റവും മഹത്തായ കാവ്യമായി കരുതപ്പെടുന്നു. (പുറം 275, രാമകഥ:ഉദ്ഭവവും വളര്‍ച്ചയും, ഫാദര്‍ കാമില്‍ ബുല്‍ക്കെ.)
ബര്‍മ്മയിലെ നാടകസാഹിത്യത്തില്‍ രാമായണസ്വാധീനമുണ്ട്.

ലാവോസ് രാമായണം
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ്. കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്. വളരെ അടുത്ത കാലത്താണ് വാമൊഴിയിലൂടെ പ്രചരിച്ച രാമായണ ആവിഷ്‌കാരങ്ങള്‍ അവിടെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടത്. സച്ചിദാനന്ദ സാഹായി എഡിറ്റുചെയ്ത ഗ്വായ്‌ദ്വോറാബി (ഏ്മ്യ ഉ്ീൃമയയശ) എടുത്തു പറയേണ്ട കൃതിയാണ്. ഇത് രചിക്കപ്പെട്ടത് യുവാങ് ഭാഷയിലാണ്. ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് തര്‍ജമയുണ്ടായിട്ടുണ്ട്.

തായ്‌ലന്‍ഡ് രാമായണം
തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം.
എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു.

ഫിലിപ്പൈൻ രാമായണം
രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍.1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ 'മഹാരാധ്യലാവണ' എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.
അഗാമാനിയോഗ് എന്ന രാജവംശത്തിലെ സുല്‍ത്താന്റെ പുത്രന്മാരാണ് 'മഹാരാധ്യാലാവണ'പ്രകാരം ശ്രീമാനും (മന്‍ഗാന്തിരി) ലക്ഷ്മണനും (മന്‍ഗാവര്‍ണ). പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത (ടുവാന്‍ പോട്രി മലാനോ ടിഹൈയ്യാ). ഈ കൃതിയില്‍ ഹനുമാന്റെ പേര് ലക്ഷ്മണന്‍ എന്നാണ്. മറ്റൊരു രാജ്യത്തേയും രാമായണങ്ങളില്‍ ഈയൊരു പേരുമാറ്റമില്ല. രാമനും സീതയ്ക്കും ഈ പാഠത്തില്‍ സന്താനങ്ങളില്ല. അതിനാല്‍ ലവകുശന്മാരുടെ കഥ ഇതിലില്ല.

മലേഷ്യൻ രാമായണം
സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി - വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സംസ്‌കാരവുമായും സംസ്‌കൃത ഭാഷയുമായും മലേഷ്യന്‍ സംസ്‌കാരത്തിനും മലയ് ഭാഷയ്ക്കും അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഹിന്ദുമതത്തിന് ശക്തമായ വേരുകള്‍ ഉണ്ടായിരുന്ന രാജ്യമാണ് മലേഷ്യ. അവിടത്തെ സാഹിത്യത്തില്‍ മാത്രമല്ല നാടകം, നിഴല്‍ക്കുത്ത് തുടങ്ങിയ കലാരൂപങ്ങള്‍ക്കും രാമകഥ കഥാവലംബിയാണ്.
പടിഞ്ഞാറന്‍ മലേഷ്യയിലെ കേദ എന്ന പ്രദേശത്ത് 'വയങ് കുലിത്' എന്ന നിഴല്‍ക്കുത്തിന് രാമായണകഥയാണ് അവലംബം.

ജപ്പാൻ രാമായണം
തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. 'ദോരാഗാകു' എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു. ബാറി-മായി, സീതാമയി, ജാ-കിന്‍-ജോ-നോ-മായ്, കാന്‍-റ്റു-ഒന്നാ-വു-ളബാന്‍-മായ് എന്നിങ്ങനെ നാലു ഭാഗങ്ങള്‍ ഈ നൃത്തരൂപത്തിനുണ്ട്

No comments:

Post a Comment