Thursday, July 31, 2014

വ്യാഖ്യാനം – ഗ്രന്ഥഭാവമോ..വ്യക്തിഭാവമോ..

വ്യാഖ്യാനം – ഗ്രന്ഥഭാവമോ..വ്യക്തിഭാവമോ..

ഇന്ന് എല്ലാവരും ചെയ്യുന്നതാണ് വ്യത്യസ്തങ്ങളായ വിഷയത്തിലള്ള ഭാരതീയ ഗ്രന്ഥങ്ങളെയെല്ലാം വ്യാഖ്യാനം ചെയ്യുക എന്നത്..ഇവിടെ ചോദ്യം വരുന്നത് വ്യാഖ്യാനിക്കുന്നത് വിഷയാധിഷ്ഠിതമായി രചനാകര്ത്താവ് ഉദ്ദേശിച്ച അര്ഥമാണോ പറയുന്നത് അതോ വ്യാഖ്യാനിക്കുന്ന വ്യക്തി സ്വന്തം ഭാവത്തെ ഗ്രന്ഥത്തിൽ അടിച്ചേല്പിക്കുകയാണോ ചെയ്യുന്നത്. കാരണം വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു വ്യക്തി അതിലെ വ്യാഖ്യാനാര്ഥം എടുത്ത് യുക്തി ചോദിക്കുമ്പോൾ പലപ്പോഴും ഉത്തരം പറയാനാകാതെ ആകുമ്പോൾ പ്രശ്ന മാകുന്നത് നമ്മുടെ പാരമ്പര്യത്തിനാണ്.

ഋഗ്വേദാദി ഗ്രന്ഥങ്ങളായാലും, രാമായാണാദികളായാലും, മത്സ്യാദി പുരാണങ്ങളായാലും സംസ്കൃതവാങ്മയത്തിലുള്ള എല്ലാം തന്നെ വ്യക്തികളുടെ അഭ്യുദയ നിഃശ്രേയസത്തിന് വേണ്ടി മന്ത്ര – സൂത്ര-ശ്ലോകരൂപങ്ങളായി നിര്മിച്ചിട്ടുള്ളവയാണ്. സംസ്കതത്തിൽ സൂത്രപദ്ധതിയാണ് കൂടുതൽ. സൂത്രങ്ങളുടെ അല്കാക്ഷരം കൊണ്ടും വ്യാപകാര്ഥം കൊണ്ടും അതിന്റെ അര്ഥഗ്രണത്തിനായി ആണ് ഭാഷ്യങ്ങളെ നിര്മിക്കുന്നത്. സൂത്രത്തിന് ഭാഷ്യവും. ഭാഷ്യത്തിന് വ്യാഖ്യാനവും ലഭ്യമാണ്.

സൂത്രരീതിയാണ് ഭാരതീയ ഗ്രന്ഥങ്ങളുടെ പ്രത്യേകത.. അല്പാക്ഷരം അസന്ദിഗ്ധം സാരവത് വിശ്വതോമുഖം. അസ്തോഭം അനവദ്യം ച സൂത്രഃ സൂത്രവിദോ വിദുഃ. ലഘൂനി സൂചിതാര്ഥാനി സ്വല്പാക്ഷരപദാനി ച. സർവതസ്സാരഭൂതാനി സൂത്രാണ്യാഹുര്മനീഷിണ. ഇതി. അതായത് കുറച്ചു അക്ഷരങ്ങളാകണം, സംശയമില്ലാത്തവിധമുള്ളതാകണം, അര്ഥസഹിതമാകണം, എല്ലാ സ്ഥലങ്ങളിലും സ്വീകരണീയമാകണം, സ്തോഭമില്ലാത്തവിധമായിരിക്കണം, തെറ്റില്ലാത്തതുമാകണം അങ്ങിനെയുള്ളതിനെയാണ് സൂത്രമെന്ന് പറയുന്നത്..

ന്യൂനാക്ഷരം കൊണ്ട് സാരഭൂതവും ബഹ്വര്ഥസൂചകവും വികല്പരഹിതമായ പദങ്ങളെയാണ് സൂത്രമെന്ന് പറയുന്നത്. അത് മനസ്സിലാക്കാൻ എളുപ്പത്തിനുവേണ്ടിയാണ് ഭാഷ്യം രചിക്കുന്ന്. രചിക്കുമ്പോൾ അതിനും നിയമം പറയുന്നുണ്ട് സൂത്രസ്ഥം പദമാദായ വാക്യൈഃ സൂത്രാനുസാരിഭിഃ. സ്വപദാനി ച വ്യാചഷ്ടെ ഭാഷ്യം ഭാഷ്യവിദോ വിദുഃ. അതായത് സൂത്രത്തിൽ പറയുന്ന ഓരോ പദത്തേയും സ്വീകരിച്ച് പദ – വാക്യ- പ്രമാണ- പ്രകരണ- അനുഭവപൂർവകമായി സൂത്രകാരൻ എങ്ങിനെയാണോ ഉദ്ദേശിച്ചത് അതേ പോലെ അര്ഥവിസ്തരത്തെ തെറ്റിക്കാത്തെ പറയുന്നതിനെയാണ് ഭാഷ്യമെന്ന് പറയുന്നത്.

ഭാഷ്യമല്ല വ്യാഖ്യാനമാണ് ഒരു വ്യക്തി എഴുതുന്നത് എങ്കിൽ വ്യാഖ്യാനലക്ഷണം പറയുന്നു.. പദച്ഛേദഃ പദാര്ഥോക്തിഃ വിഗ്രഹോ വാക്യയോജനാ. ആക്ഷേപശ്ച സമാധാനം വ്യാഖ്യാനം ഷഡ്വിധം മതം. 1. വാക്യത്തിൽ പറയുന്ന എല്ലാ സയുക്തപദങ്ങളേയും പ്രത്യേകം പ്രത്യേകം പദം ആക്കുക.2. പദച്ഛേദം ചെയ്ത പദങ്ങളുടെ പ്രകരണസമ്മതമായി അര്ഥത്തെ പറയുക. 3. സമസ്തപദത്തിന്റെ ശരിക്കുള്ള വിഗ്രഹം.4. വാക്യത്തെ അന്വയപ്രകാരം ക്രമപ്പെടുത്തുക. 5. ചെയ്തതായ വിവരണത്തിലോ വിഗ്രഹത്തിലോ സംഭവിക്കുവാനുള്ള ആക്ഷേപങ്ങളെ പറയുക. 6. ആക്ഷേപങ്ങളുണ്ടെങ്കിൽ അതിനു സമാധാനം. ഇതാണ് വ്യാഖ്യാനം.

ഭാരതത്തിലെ പ്രധാനകൃതികളെല്ലാം തന്നെ ഛന്ദസ്സ് അനുസരിച്ചും, വ്യാകരണനിയമപ്രകാരം നിരുക്താര്ഥത്തെ ആധാരമാക്കി നിര്മിച്ചതാണ്..ശാസ്ത്രാടിസ്ഥാനത്തിലുള്ളത് ആയതുകൊണ്ട് തന്നെ ആധാരമായി സ്വീകരിക്കേണ്ടത് എപ്പോഴും ശാസ്ത്രപദ്ധതിയുമാണ്. അതായത് അര്ഥം പറയുന്നതിനുമുന്പ് പദാര്ഥം, അന്വയാര്ഥം, വാച്യാര്ഥം, ഒപ്പം തന്നെ വിഷയം, പൂർവാപരം ഇവയെ എല്ലാം നോക്കി വേണം ഗ്രന്ഥവ്യാഖ്യാനം ചെയ്യുന്നത്. പക്ഷെ ഇന്ന് ലഭ്യമായ പ്രധാന വ്യാഖ്യാനഗ്രന്ഥങ്ങളെല്ലാം തന്നെ സ്വമതത്തെ ഗ്രന്ഥത്തിൽ അടിച്ചേല്പിക്കുന്ന തരത്തിലുള്ളവയാണ്.. അതായത് സ്വന്തം വിഷയം ഗ്രന്ഥത്തിലേക്ക് ആണ് അടിച്ചേല്പിക്കുക. ഗ്രന്ഥകര്ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കാൾ വ്യാഖ്യാനിക്കുന്ന വ്യക്തിയുടെ ഭാവമാണ് വ്യാഖ്യാനമായി പറയുക. ഗ്രന്ഥം എന്തിനാണോ എഴുതിയത് അതിനെ ആധാരമാക്കി വിഷയാസ്പദമായി വേണം പറയേണ്ടത്..അല്ലെങ്കിൽ പറയുന്നത് പദവാക്യപ്രമാണാനുഭവമാകില്ല. അതെ പോലെ വ്യാഖ്യാനത്തിന്റെ നീയമം അനുസരിച്ചുമല്ല ഇന്നത്തെ പല വ്യാഖ്യാനഗ്രന്ഥങ്ങളും. ഇന്നത്തെ പ്രധാന പ്രശ്നവും ഇതു തന്നെയാണ്.. വ്യക്തികൾ സ്വമതത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നു.. ഉദാഹരണത്തിന് ലളിതാസഹസ്രനാമത്തിലെ കര്പൂരവീടികാമോദ സമാകര്ഷദ്ദിഗന്തരാ. ഇവിടെ വ്യാഖ്യാനം പറയുന്നു, കര്പൂരവീടകയുടെ ഉച്ഛിഷ്ടം കിട്ടാൻ ആഗ്രഹത്തോടുകൂടി ദിഗ്ദേവതകൾ ചുറ്റും നിൽക്കുന്നു. പൂ ർവാപരമോ, പദാര്ഥമോ, വിഷയാധിഷ്ഠിതമോ, അന്വയാര്ഥമോ നോക്കിയാൽ അര്ഥം ചേരില്ല. എങ്ങിനെയാണ് ഈ അര്ഥം വന്നത്.. പദാര്ഥത്തിൽ ഏത് വാക്കാണ് ഈ അര്ഥത്തിന് വേണ്ട് സ്വീകരിച്ചത്.. ഇവിടെയാണ് എപ്പോഴും ശാസ്ത്രരീതിയില്ലാതെ വ്യാഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ..ഇത് മാറ്റണമെങ്കിൽ ലിറ്റററി ക്രിറ്റിസിസം ആധാരമാക്കി ക്രിറ്റിക്കൽ എഡിഷനായി പദവാക്യപ്രമാണത്തോടുകൂടി ചെയ്യാനായി കുട്ടികൾ മുന്നോട്ടുവരണം.. അല്ലെങ്കിൽ ആചാര്യന്മാരുടെ പറയുന്ന യഥാര്ഥ അര്ഥത്തെ നമുക്ക് ഗ്രഹിക്കാനാകില്ല എന്നു മാത്രമല്ല വരും തലമുറയിലേക്ക് തെറ്റായ അര്ഥത്തെ പകര്ന്നു നൽകുക എന്ന മഹാപരാധം കൂടിയാകും ചെയ്യുന്നത്. ഹരി ഓം

ലളിതാസഹസ്രനാമവ്യാഖ്യാനത്തിലൂടെ ചിന്താമണി ഗൃഹാന്തസ്ഥാ



ചിന്താമണി ഗൃഹാന്തസ്ഥാ, പഞ്ചബ്രഹ്മാസനസ്ഥിതാ മഹാപദ്മാടവീ സംസ്ഥാ കദംബവനവാസിനീ. ഈ നാലുനാമങ്ങളുടേയും അര്ഥം ഒന്നു വ്യത്യസ്തമായി ചിന്തിക്കുമ്പോൾ ദേവി എന്നത് നമ്മളിൽ തന്നെയാണ് ഉള്ളത് എന്ന്  വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാനാകുമെന്ന് തോന്നുന്നു.


 ചിന്താമണി എന്ന വിശിഷ്ടരത്നം കൊണ്ടു നിര്മിച്ച ഗൃഹത്തിൽ താമസിക്കുന്നവളായ ദേവി എന്നാണ് ആദ്യത്തെ നാമത്തിന് സാമാന്യാര്ഥം ആചാര്യന്മാരു പറയുന്നത്. 

ചിന്താമണി എന്നതിന് അര്ഥം ചിന്തായാം സർവകാമപ്രദാ മണിരിവ. ചിന്തയാ ധ്യാനധാരണാദിനാ മണ്യതേ ആഹൂയതേ ഇതി വാ. ചിന്തകൊണ്ട് അഥവാ ധ്യാനധാരണാദികൾ കൊണ്ടു വിളിക്കുന്നവളെന്നര്ഥം. ചിന്ത തന്നെ മണിയായവളെന്നര്ഥം പറയുന്നു.  ഗൃഹശബ്ദത്തിന് രക്ഷിതസ്ഥാനം എന്നാണര്ഥം. അന്തഃ ശബ്ദത്തിന് സ്വരൂപം എന്നും അര്ഥം പറയുന്നു.. ധ്യാനധാരണാദികളായി ദേവിയെ വിളിക്കുന്ന  സാധകരുടെ ശരീരം   തന്നെ സ്വരൂപമായി  സ്വീകരിച്ച് അവര്ക്ക്  എല്ലാ കാമങ്ങളേയും പ്രദാനം ചെയ്യുന്നവളെന്നര്ഥം.    ഇവിടെ ധ്യാനം ചെയ്യുന്ന വ്യക്തിയും ദേവി തന്നെ എന്ന് വ്യംഗ്യം.  
  

പഞ്ചബ്രഹ്മാസനസ്ഥിതാ എന്നതിനാകട്ടെ  ബ്രഹ്മ വിഷ്ണു രുദ്രൻ  ഈശാനൻ  സദാശിവൻ തുടങ്ങിയവരായ പഞ്ചബ്രഹ്മനിര്മിതമായ ആസനത്തിൽ ഇരിക്കുന്നവളെന്നര്ഥം പറയുന്നു. 


പഞ്ച ശബ്ദത്തിന് സംഖ്യാവിശേഷമായി പറയുമ്പോഴും ഇന്ദ്രിയം സ്വര്ഗം, വ്രതാഗ്നി തുടങ്ങി ഒരു പാടു അര്ഥങ്ങളെ സ്വീകരിക്കുന്നുണ്ട്.  ബ്രഹ്മാസനം എന്നതിന് ബ്രഹ്മപ്രാപ്തിക്കുള്ള ആസനം എന്ന് അര്ഥം.  ധ്യാനാസനം, യോഗാസനം എന്നിങ്ങനെ അമരകോശം ബ്രഹ്മാസനത്തിന് അര്ഥം പറയുന്നു.  ബ്രഹ്മാസനം തദാ വക്ഷ്യേ യത് കൃത്വാ ബ്രഹ്മണോ ഭവേത്.  ധ്യാനം എന്നത് പരമാര്ഥചിന്തനവും യോഗം എന്നത് ചിത്തവൃത്തി നിരോധവും.  സ്ഥിതാ എന്നതിന് സ്ഥിതിചെയ്യുന്നവളെന്നര്ഥം. അതായത്  ഇന്ദ്രിയത്തെ അടക്കി ധ്യാനയോഗം ചെയ്യുന്ന സാധകരിൽ സ്ഥിതിചെയ്യുന്നവളെന്നര്ഥം ലഭിക്കുന്നു. 


മഹാപദ്മാടവീ സംസ്ഥാ എന്നതിന് വളരെ വലിയ താമരവനത്തിൽ താമസിക്കുന്നവളെന്ന് ആചാര്യന്മാർ അര്ഥം പറയുന്നു.  


മഹാപദ്മം എന്നതിന്  മഹത് പദ്മം താദൃശം ചിഹ്നം ശിരസി യസ്യ എന്നാണ് അര്ഥം.  അതായത് ആരുടെ ശിരസിലാണോ മഹത്തായ പദ്മസദൃശമായ ചിഹ്നം ഉള്ളത് അതിനെയാണ് മഹാപദ്മം എന്ന പറയുന്നത്. അടവീ എന്നതിന്  വനം എന്ന് പറയുന്നു. മഹാപദ്മവനം ചേദം സമാനം തസ്യചോപരി എന്ന്  സ്വച്ഛന്ദതന്ത്രം പറയുന്നു. അതായത്  സഹസ്രദളപദ്മത്തെയാണ്  ഇവിടെ കാട് എന്ന് പറയുന്നത് എന്നര്ഥം.  യോഗമാര്ഗത്തിൽ  ധ്യാനയോഗാദികൾകൊണ്ട്  സാധന ചെയ്ത ഭക്തരുടെ സഹസ്രാരപദ്മമാകുന്ന വനത്തിൽ സ്ഥിതിചെയ്യുന്ന   ദേവിയെയാണ് ഇവിടെ പറയുന്നത്.


കദംബവനവാസിനീ എന്നതിന് കദംബവൃക്ഷങ്ങളാകുന്ന വനത്തിൽ സ്ഥിതിചെയ്യുന്നവളെന്ന് അര്ഥം പറയുന്നു. 

കദംബം എന്നതിന് കം പ്രജാപത്യധിഷ്ഠാതൃകം ഔപസ്ഥേന്ദ്രിയം ദമയതി ഇതി വ്യുത്പത്ത്യാ ജിതേന്ദ്രിയതത്ത്വജ്ഞാനീ എന്ന് അര്ഥം.  അതായത് കദംബം എന്നാൽ ഇന്ദ്രിയത്തെ ജയിച്ചവനും തത്ത്വത്തെ അറിഞ്ഞവനും ആണെന്നര്ഥം.   വനവാസിനീ എന്നതിന്  ആകട്ടെ വനം വാസയതീ സുരഭീ കരോതി എന്നാണ് അര്ഥം. അതായത് വനത്തെ സുഗന്ധപൂരിതമാക്കുന്നവളെന്നര്ഥം. അതായത് ബ്രഹ്മസ്വരൂപത്തെ അറിഞ്ഞ സാധകനെ സുഗന്ധപൂരിതമാക്കുന്നവളാണ് ദേവി എന്നര്ഥം. 

അഹമേവ ദേവീ ന ചാന്യോസ്മി.. ഓരോ നാമങ്ങളു വായിക്കുമ്പോഴും അറിയുമ്പോഴും ദേവിയിലേക്ക് അല്ല ദേവി തന്നെയാണ് നാം എന്ന് അറിയുക, സഹസ്രനാമത്തിലൂടെ ഓരോ വ്യക്തിയും ചെയ്യാൻ  ശ്രമിക്കുന്നത് ഇതാണ്..ഹരി ഓം

Sunday, July 27, 2014

Srirajarajeswari-tripurasundareem

ദീക്ഷിതരുടെ മനോഹരമായ കൃതി.. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും കേൾക്കണം എന്ന് തോന്നുന്നത് സംഗീതം കൊണ്ടുമാത്രമല്ല.. സഹസ്രനാമം മുഴുവൻ കേൾക്കുന്ന അല്ലെ ചൊല്ലുമ്പോഴുണ്ടാകുന്ന സുഖം ഇത് കേൾക്കുമ്പോഴുണ്ടാകുന്നു.. മദ്ധ്യമാവതിരാഗവും രൂപകതാളവും കൂടിയാകുമ്പോ ഭക്തിയുടെ നിറകുടം ആകുന്നതിന് അതിശയമില്ല. ദേവി തന്നെ സംഗീതമായി മാറുന്നു.

http://gaana.com/song/srirajarajeswari-tripurasundareem

श्री राज राजेश्वरीम् - रागं मध्यमावति - ताळं रूपकम्

पल्लवि
श्री राज राजेश्वरिं महा त्रिपुर सुन्दरीं
ललिता भट्टारिकां भजेऽहं भजे
(मध्यम काल साहित्यम्)
विदेह कैवल्यं आशु एहि देहि मां पाहि

समष्टि चरणम्
आराधयामि सततं
गं गण पतिं
सौः शरवणं
अं आं सौः त्रै-लोक्यं
ऐं क्लीं सौः सर्वाशां
ह्रीं क्लीं सौः संक्षोभणं
हैं ह्क्लीं ह्सौः सौभाग्यं
ह्सैं ह्स्क्लीं ह्सौः सर्वार्थं
ह्रीं क्लीं ब्लें सर्व रक्षां
ह्रीं श्रीं सौः रोग हरं
ह्स्रैं ह्स्क्ल्रीं ह्स्रौः सर्व सिद्धिं
क ए ई ल ह्रीं -
ह स क ह ल ह्रीं -
स क ल ह्रीं श्रीं सर्वानन्दं
श्री नाथानन्द गुरु -
पादुकां पूजये सदा
चिदानन्द नाथोऽहं
कामेश्वराङ्क निलयां
(मध्यम काल साहित्यम्)
वैश्रवण विनुत धनिनीं
गण पति गुरु गुह जननीं
निरतिशय शुभ मङ्गळां
मङ्गळां जय मङ्गळां 



ആരാധയാമി സതതം 
ഗം ഗണ പതിം സൌഃ ശരവണം 
അം ആം സൌഃ ത്രൈ-ലോക്യം 
ഐം ക്ലീം സൌഃ സര്വാശാം 
ഹ്രീം ക്ലീം സൌഃ സങ്ക്ഷോഭണം 
ഹൈം ഹ്ക്ലീം ഹ്സൌഃ സൌഭാഗ്യം 
ഹ്സൈം ഹ്സ്ക്ലീം ഹ്സൌഃ സര്വാര്ഥം 
ഹ്രീം ക്ലീം ബ്ലേം സര്വ രക്ഷാം
ഹ്രീം ശ്രീം സൌഃ രോഗ ഹരം 
ഹ്സ്രൈം ഹ്സ്ക്ല്രീം ഹ്സ്രൌഃ സര്വ സിദ്ധിം 
ക ഏ ഈ ല ഹ്രീം - ഹ സ ക ഹ ല ഹ്രീം - സ ക ല ഹ്രീം ശ്രീം
സര്വാനന്ദം ശ്രീ നാഥാനന്ദ ഗുരു - പാദുകാം പൂജയേ 
സദാ ചിദാനന്ദ നാഥോऽഹം കാമേശ്വരാങ്ക നിലയാം 
(മധ്യമ കാല സാഹിത്യമ്) 
വൈശ്രവണ വിനുത ധനിനീം
ഗണ പതി ഗുരു ഗുഹ ജനനീം 
നിരതിശയ ശുഭ മങ്ഗളാം
 മങ്ഗളാം ജയ മങ്ഗളാം

കനകാംബരി കാരുണ്യ - രാഗം കനകാംബരി - താളം രൂപകം


                                   കനകാംബാരി കാരുണ്യാമൃത ലഹരി കേള്‍ക്കുക

പഞ്ചദശാക്ഷരിസ്വരൂപിണിയായ ബാലാ പരമേശ്വരിയെ സ്തുതിച്ചു കൊണ്ട് കനകാംബാരി  രാഗത്തില്‍ രൂപക  താളത്തില്‍ ഉള്ള ദീക്ഷിതര്‍ കൃതിയാണ്  കനകാംബാരി കാരുണ്യാമൃത ലഹരി എന്ന കൃതി . ജഗത്തിന്റെ ഉല്പത്തിസ്ഥിതിലയങ്ങള്‍ ലീലാരൂപേണ ചെയ്യുന്നത് ദേവി തന്നെ.(ബാലാ ലീലാവിനോദിനി എന്ന്   ലളിതാസഹസ്രനാമം) .സൂര്യചന്ദ്രന്മാര്‍ക്ക് ശോഭയേകുന്നവളും മഹാത്രിപുരസുന്ദരിയായ ദേവി തന്നെ. ത്രൈലോക്യാദിചക്രങ്ങള്‍ക്കും മൂലാധാരം തുടങ്ങിയ ആധാരങ്ങള്‍ക്കും ഈശ്വരി നിത്യാനന്ദകരിയായ ദേവി തന്നെ. തത്ത്വമസി തുടങ്ങിയ ബ്രഹ്മസ്വരൂപത്തെ കുറിക്കുന്ന വാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥവും മുക്തിദായിനിയായ ജഗദീശ്വരി തന്നെയെന്നു ദീക്ഷിതര്‍ ഈ കൃതിയിലൂടെ സൂചിപ്പിക്കുന്നു

കനകാംബരി കാരുണ്യ - രാഗംകനകാംബരി - താളം രൂപകം

പല്ലവി
കനകാമ്ബരി കാരുണ്യാമൃത ലഹരി
കാമാക്ഷി മാമവ കാമേശ്വരി

അനുപല്ലവി
ദിന-കര ചന്ദ്ര തേജഃപ്രകാശ-കരി
ദേവി മഹാ ത്രിപുര സുന്ദരി ശങ്കരി

ചരണമ്
ത്രൈലോക്യ മോഹനാദി ചക്രേശ്വരി
ത്രൈപദ പര ബ്രഹ്മ മഹിഷി ഭാസ്വരി
സാലോകാദി മുക്തി പ്രദാന-കരി
സദാ ശിവ-കരി ഗുരു ഗുഹോദയ-കരി
(മധ്യമ കാല സാഹിത്യമ്)
മൂലാദി നവാധാരേശ്വരി ശുഭ-കരി
നീലാലക ധരി നിത്യാനന്ദ-കരി
ലീലാ വിശ്വോത്പത്തി-സ്ഥിതി-ലയ-കരി
ബാലാ പരമേശ്വരി പഞ്ച-ദശാക്ഷരി

Saturday, July 26, 2014

ശ്രീ നീലോത്പല നായികേ - രാഗം നാരീ രീതി ഗൌള - താളം രൂപകം

നാരീ രീതി ഗൌള എന്ന രാഗത്തില്‍ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപെടുത്തിയ കൃതിയാണ് ശ്രീ നീലോത്പല നായികേ എന്ന് തുടങ്ങുന്ന രൂപക താള കൃതി. ശ്രീനഗരനിവാസിനിയായ ജഗദംബികയെ സ്തുതിക്കുന്ന ഈ കൃതി രാഗഭാവം കൊണ്ടും ഭക്തിയാലും   വേറിട്ട്‌ നില്‍ക്കുന്നു. ചിദ്രൂപിണിയായ ദേവി ദീനന്മാരുടെ ദുഖത്തെ ഹരിക്കുന്നവളാണ്. ആനന്ദസ്വരൂപിണിയും ഭൈരവപൂജിതയുമായ ദേവി തന്നെയാണ് ജ്ഞാനമാകുന്ന സാഗരം. സങ്കല്പവികല്പാത്മികയായ മനസ്സിന്റെ ചിത്തവൃത്തിജാലങ്ങളെ പ്രകാശിപ്പിക്കുന്ന ചൈതന്യമാണ് ദേവി.  സാധുജനങ്ങളാല്‍ പൂജിക്കപെടുന്ന സങ്കടഹരിണിയായ ആ അമ്മ തന്നെ ഈ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക് ആധാരമായിരിക്കുന്നു. രത്നമാലയും ആഭരണങ്ങളും ധരിച്ച  (പദ്മരാഗ ശിലാദര്ശ പരിഭാവി കപോലഭൂഃ,കനകാംഗദ കേയൂര കമനീയ ഭുജാന്വിതാ |രത്നഗ്രൈവേയ ചിന്താക ലോലമുക്താ ഫലാന്വിതാ എന്ന് ലളിതാ സഹസ്രനാമം )  പങ്കജനയനയായ ദേവിയെ  തന്നെയാണ് ശങ്കരനും  പൂജിക്കുന്നത്. ആ ബാലാപരമേശ്വരിയായ ശാരദാംബ നീലോത്പലനായികയും ഗാന ലോലയും ആകുന്നു.

ശ്രീ നീലോത്പല നായികേ - രാഗം നാരീ രീതി ഗൌള - താളം രൂപകം

പല്ലവി
ശ്രീ നീലോത്പല നായികേ ജഗദമ്ബികേ
ശ്രീ നഗര നായികേ മാമവ വര ദായികേ

അനുപല്ലവി
ദീന ജനാര്‍ത്തി പ്രഭഞ്ജന രീതി ഗൌരവേ
ദേശിക പ്രദര്ശിത ചിദ്രൂപിണി നത ഭൈരവേ
(മധ്യമ കാല സാഹിത്യമ്)
ആനന്ദാത്മാനുഭവേ അദ്രി രാജ സമുദ്ഭവേ
സൂന ശരാരി വൈഭവേ ജ്ഞാന സുധാര്ണവേ ശിവേ

ചരണം
സങ്കല്പ വികല്പാത്മക ചിത്ത വൃത്തി ജാലേ
സാധു ജനാരാധിത സദ്ഗുരു കടാക്ഷ മൂലേ
സങ്കട ഹര ധുരീണ-തര ഗുരു ഗുഹാനുകൂലേ
സമസ്ത വിശ്വോത്പത്തി സ്ഥിതി ലയാദി കാലേ
(മധ്യമ കാല സാഹിത്യമ്)
വിടങ്ക ത്യാഗരാജ മോഹിത വിചിത്ര ലീലേ
ശങ്കരി കൃപാലവാലേ ഹാടക-മയ ചേലേ
പങ്കജ നയന വിശാലേ പദ്മ രാഗ മണി മാലേ
ശങ്കര സന്നുത ബാലേ ശാരദേ ഗാന ലോലേ

Monday, July 21, 2014

കഞ്ജ ദളായതാക്ഷി - രാഗം കമലാമനോഹരി - താളം ആദി


കമലാമനോഹരി രാഗത്തില്‍ ആദി താളത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപെടുത്തിയതാണ്  കഞ്ജ ദളായതാക്ഷി എന്ന് തുടങ്ങുന്ന കൃതി. ത്രിപുരസുന്ദരിയായ ദേവിയെ സ്തുതിക്കുന്ന ഈ കൃതിയില്‍ രാഗമുദ്ര കമലാമനോഹരി എന്ന് പ്രയോഗിച്ചിട്ടുണ്ട്. ലളിതാ ത്രിശതിയില്‍ ഉള്ള ഏകാനേകാക്ഷരി,എകാനന്ദ തുടങ്ങിയ നാമങ്ങളും ലളിതാ സഹസ്രനാമത്തിലെ കാമാക്ഷി രഞ്ജിനി ഭുവനേശ്വരി എന്നിങ്ങനെയുള്ള നാമങ്ങളും ഇതില്‍ വരുന്നുണ്ട്. ഏകാഗ്രചിത്തതിനു ഉപാസനയാണ് മുഖ്യമായ മാര്‍ഗ്ഗം. ഉപാസിക്കുന്നവര്‍ക്ക് ചിത്തശുദ്ധിയും തദ്വാര ഏകാഗ്രമായ മനസ്സിനെയും പ്രധാനം ചെയ്തു ദേവി സാധകന്റെ മനസ്സിനെ   ചിദ്സ്വരൂപത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നു. ഈ കൃതിയുടെ ശ്രവണവും ഇന്ദ്രിയമനോബുദ്ധികളെ നാനാവിഷയങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ചു സച്ചിന്മയിയായ ജഗദീശ്വരിയില്‍ നിര്‍ത്തുവാന്‍ സഹായകമാകുന്നു.

കഞ്ജ ദളായതാക്ഷി - രാഗം കമലാമനോഹരി - താളം ആദി

പല്ലവി
കഞ്ജ ദളായതാക്ഷി കാമാക്ഷി
കമലാ മനോഹരി ത്രിപുര സുന്ദരി

അനുപല്ലവി
(മധ്യമ കാല സാഹിത്യമ്)
കുഞ്ജര ഗമനേ മണി മണ്ഡിത മഞ്ജുള ചരണേ
മാമവ ശിവ പഞ്ജര ശുകി പങ്കജ മുഖി
ഗുരു ഗുഹ രഞ്ജനി ദുരിത ഭഞ്ജനി നിരഞ്ജനി

ചരണമ്
രാകാ ശശി വദനേ സു-രദനേ
രക്ഷിത മദനേ രത്ന സദനേ
ശ്രീ കാഞ്ചന വസനേ സു-രസനേ
ശൃങ്ഗാരാശ്രയ മന്ദ ഹസനേ
(മധ്യമ കാല സാഹിത്യമ്)
ഏകാനേകാക്ഷരി ഭുവനേശ്വരി
ഏകാനന്ദാമൃത ഝരി ഭാസ്വരി
ഏകാഗ്ര മനോ-ലയകരി ശ്രീകരി
ഏകാമ്രേശ ഗൃഹേശ്വരി ശങ്കരി

Saturday, July 19, 2014

ത്രിപുര സുന്ദരി ശങ്കരി - രാഗം സാമ - താളം രൂപകം



സാമ രാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച മനോഹര കൃതിയാണ് ത്രിപുരസുന്ദരി ശങ്കരി. ജഗദീശ്വരിയെ ത്രിപുരസുന്ദരീഭാവത്തില്‍ സ്തുതിക്കുന്ന കൃതിയാണിത്. ത്രിപുരങ്ങള്‍ ആയ സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളില്‍  ജാഗ്രത് സ്വപ്ന സുഷുപ്തികള്‍ക്ക് സാക്ഷിയായ സച്ചിദാനന്ദസ്വരൂപിണിയായ ദേവിയെ  സാമഗാനപ്രിയയും  ചക്രേശ്വരിയും ഒക്കെയായി ഈ കൃതിയില്‍ വര്‍ണ്ണിക്കുന്നു.

ത്രിപുര സുന്ദരി ശങ്കരി - രാഗം സാമ - താളം രൂപകം

പല്ലവി
ത്രിപുര സുന്ദരി ശങ്കരി ഗുരു ഗുഹ ജനനി മാമവ

സമഷ്ടി ചരണമ്
ത്രിപുരാദി ചക്രേശ്വരി സാമ്രാജ്യ-പ്രദ-കരി
സാമ ഗാന പ്രിയ-കരി സച്ചിദാനന്ദ സുഖ-കരി
(മധ്യമ കാല സാഹിത്യമ്)
ത്രിപുരാസുരാദി ഭഞ്ജനി ശ്രീ പുര വാസ നിരഞ്ജനി
വേദ ശാസ്ത്ര വിശ്വാസിനി വിധി പൂജിത വിനോദിനി

Wednesday, July 16, 2014

രാമായണവും ഭാരതസംസ്കാരവും..

രാമായണവും ഭാരതസംസ്കാരവും..

രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ് .. രാമായണമാസാചരണം തന്നെ ചെയ്യുന്നവരാണ് നാം ഭാരതീയർ... പക്ഷെ പലര്ക്കും അറിയാത്ത ഒന്നാണ് ഏഷ്യയില്‍ ഒട്ടേറെ രാമായണങ്ങളുണ്ട്‌ എന്നുള്ളത്. ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത രാമായണത്തെ കുറിച്ചുള്ള ചില വിഷയങ്ങൾ ഇവിടെ ഇടുകയാണ് ..ഒരുപാടുപേര്ക്ക് രാമയണം എന്നതിനെ കുറിച്ച് കൂടുതലറിയാൻ ഇത് സഹായകമാകും എന്ന് വിചാരിക്കുന്നു..

ഇന്‍ഡോനേഷ്യൻ രാമായണം
ബാലി, ജാവ, സുമ്രാത്ര (സുമിത്ര), കംബോജം (കംബോഡിയ), ശ്യാമ (സയാം) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്

ടിബറ്റൻ രാമായണം
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്.5 ഇതിന്റെ പ്രാരംഭത്തില്‍ രാവണ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അനന്തരം വിഷ്ണു ദശരഥന്റെ പുത്രന്റെ രൂപത്തില്‍ അവതരിക്കുമെന്ന വൃത്താന്തമാണ്.

ഖോത്താനീരാമായണം
പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. സാമ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ടിബറ്റന്‍ രാമായണത്തിന്റെ അനുകരണമാണ് ഇതെന്നു പറയാവതല്ല. പ്രൊഫസര്‍ എച്ച്.ഡബ്ല്യു. ബെയ്‌ലിയാണ് രാമായണത്തിന്റെ ഖോത്താന്‍ പതിപ്പ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത്.
ഖോത്താന്‍രാമായണത്തിലും സീത ദശഗ്രീവന്റെ പുത്രിയാണ്. വനവാസകാലത്താണ് സീതയുടെ വിവാഹം നടക്കുന്നത്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്.

ബര്‍മീസ് രാമായണം
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്.7 ബര്‍മ്മയിലെ ശക്തനായ ഒരു രാജാവ് 1716-ല്‍ സയാമിന്റെ രാജധാനിയായ ആയുതിയ (അയോദ്ധ്യ) ആക്രമിച്ചു നശിപ്പിച്ചു. അനന്തരം രാജാവ് അനേകം തടവുകാരെ കൂടെ കൊണ്ടുപോയി. അവര്‍ സയാമിലെ രാമനാടകം അഭിനയിക്കാന്‍ തുടങ്ങി. സയാമിലെ രാമകഥയുടെ അടിസ്ഥാനത്തില്‍ യൂതോ ക്രിസ്തുവര്‍ഷം 1800നോടടുത്ത് രാമയാഗന രചിച്ചു. ഇത് ബര്‍മ്മയിലെ ഏറ്റവും മഹത്തായ കാവ്യമായി കരുതപ്പെടുന്നു. (പുറം 275, രാമകഥ:ഉദ്ഭവവും വളര്‍ച്ചയും, ഫാദര്‍ കാമില്‍ ബുല്‍ക്കെ.)
ബര്‍മ്മയിലെ നാടകസാഹിത്യത്തില്‍ രാമായണസ്വാധീനമുണ്ട്.

ലാവോസ് രാമായണം
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ്. കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്. വളരെ അടുത്ത കാലത്താണ് വാമൊഴിയിലൂടെ പ്രചരിച്ച രാമായണ ആവിഷ്‌കാരങ്ങള്‍ അവിടെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടത്. സച്ചിദാനന്ദ സാഹായി എഡിറ്റുചെയ്ത ഗ്വായ്‌ദ്വോറാബി (ഏ്മ്യ ഉ്ീൃമയയശ) എടുത്തു പറയേണ്ട കൃതിയാണ്. ഇത് രചിക്കപ്പെട്ടത് യുവാങ് ഭാഷയിലാണ്. ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് തര്‍ജമയുണ്ടായിട്ടുണ്ട്.

തായ്‌ലന്‍ഡ് രാമായണം
തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം.
എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു.

ഫിലിപ്പൈൻ രാമായണം
രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍.1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ 'മഹാരാധ്യലാവണ' എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.
അഗാമാനിയോഗ് എന്ന രാജവംശത്തിലെ സുല്‍ത്താന്റെ പുത്രന്മാരാണ് 'മഹാരാധ്യാലാവണ'പ്രകാരം ശ്രീമാനും (മന്‍ഗാന്തിരി) ലക്ഷ്മണനും (മന്‍ഗാവര്‍ണ). പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത (ടുവാന്‍ പോട്രി മലാനോ ടിഹൈയ്യാ). ഈ കൃതിയില്‍ ഹനുമാന്റെ പേര് ലക്ഷ്മണന്‍ എന്നാണ്. മറ്റൊരു രാജ്യത്തേയും രാമായണങ്ങളില്‍ ഈയൊരു പേരുമാറ്റമില്ല. രാമനും സീതയ്ക്കും ഈ പാഠത്തില്‍ സന്താനങ്ങളില്ല. അതിനാല്‍ ലവകുശന്മാരുടെ കഥ ഇതിലില്ല.

മലേഷ്യൻ രാമായണം
സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി - വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സംസ്‌കാരവുമായും സംസ്‌കൃത ഭാഷയുമായും മലേഷ്യന്‍ സംസ്‌കാരത്തിനും മലയ് ഭാഷയ്ക്കും അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഹിന്ദുമതത്തിന് ശക്തമായ വേരുകള്‍ ഉണ്ടായിരുന്ന രാജ്യമാണ് മലേഷ്യ. അവിടത്തെ സാഹിത്യത്തില്‍ മാത്രമല്ല നാടകം, നിഴല്‍ക്കുത്ത് തുടങ്ങിയ കലാരൂപങ്ങള്‍ക്കും രാമകഥ കഥാവലംബിയാണ്.
പടിഞ്ഞാറന്‍ മലേഷ്യയിലെ കേദ എന്ന പ്രദേശത്ത് 'വയങ് കുലിത്' എന്ന നിഴല്‍ക്കുത്തിന് രാമായണകഥയാണ് അവലംബം.

ജപ്പാൻ രാമായണം
തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. 'ദോരാഗാകു' എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു. ബാറി-മായി, സീതാമയി, ജാ-കിന്‍-ജോ-നോ-മായ്, കാന്‍-റ്റു-ഒന്നാ-വു-ളബാന്‍-മായ് എന്നിങ്ങനെ നാലു ഭാഗങ്ങള്‍ ഈ നൃത്തരൂപത്തിനുണ്ട്

Sunday, July 13, 2014

ദശാവതാരവും മനുഷ്യനും....



ദശാവതാരവും മനുഷ്യനും....

ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും.. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും.. മത്സ്യം മുത കല്കി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തി ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും..


മത്സ്യം ആണ് ആദ്യത്തെ അവതാരം..മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓര്ക്കാറുമുണ്ട്.. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം..സംസാരസാഗരത്തി ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാ മതിയാകും.. സാധാരണ ഭാഷയി പറഞ്ഞാ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക..ഈ സംസാരസാഗരത്തി നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോ  ആദ്യം വേണ്ടത്  പ്രാണനെ അടക്കുക എന്നതാണ്.. യോഗദര്ശനത്തെ ആധാരമാക്കി നോക്കുയാണെങ്കി ഇഡ-പിംഗള  നാഡികളെയാണ് മത്സ്യം കാണിക്കുന്നത് കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ  ഗംഗയും യമുനയുമായി ആണ് പറയുന്നത്.. അതിലെ മത്സ്യങ്ങളായി ആണ് ഈ  രണ്ട് നാഡിയെ തുലനം ചെയ്യുന്നത്.. ഇവിടെയും കുണ്ഡലിനിശക്തിയെ ഉയര്ത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക  എന്നര്ഥം..  


മത്സ്യം കഴിഞ്ഞാ അടുത്തത് കൂര്മാവതാരമാണ്.. കൂര്മം എന്നത്  എപ്പോഴും നാം ക്ഷേത്രങ്ങളി കാണുന്നതാണ്..കൂര്മത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാ കൂര്മത്തിന് പ്രകൃതിയിലെ എല്ലാത്തി നിന്ന് പിവലിയാം..കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പര്ശ ശബ്ദം തുടങ്ങിയ എല്ലാത്തി നിന്നും പിവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം.. അതായത് ഉൾവലിയണം എന്നര്ഥം..അതാണ് കൂര്മാവതാരം.. സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്നര്ഥം..

 വരാഹം ആണ് അടുത്ത അവതാരം.. വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ്  മനുഷ്യരും. അവിടെ സ്ഥൂലരൂപമായ ചളിയിലാണെങ്കിൽ നാം കിടക്കുന്നത്  ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്..ആദ്യത്തെ പടിയായ പ്രാണനേയും പഞ്ചേന്ദ്രിയങ്ങളേയും അടക്കുമ്പോൾ പ്രകൃതിയുടെ എല്ലാ മായയിൽ നിന്നും  മാറി നമുക്ക് ഭൂമിയെ ഉയര്ത്താനാകും..സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം  കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയര്ത്തണം..  വരാഹം ഭൂമിയെ ഉയര്ത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.. ഭൂമിയെ എപ്പോഴും  മൂലാധാരമായി ആണ് പറയുക.. അതായത്  ഒരു സാധകന്റെ   ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയര്ത്തുക എന്നത് തന്നെ..



അടുത്തത്  നരസിംഹമാണ്....മനുഷ്യരുടെ ഉയര്ച്ചയിൽ  പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു.. അതായത്  തമോഗുണപ്രധാനിയായ രൂപം.. എപ്പോഴും ആദ്യപടിയായി നമുക്ക് എപ്പോഴും മൃഗസ്വരൂപം ആണ് അതായത് തമോഗുണം.. സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നിൽക്കുന്നു..പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും.. സ്നേഹം ദയ ഇങ്ങിനെ മാറി മാറി വരുന്നു.. അതാണ്  പകുതി മനുഷ്യനും പകുതി മൃഗവും..എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെ നാം ആണ് നരസിംഹത്തിൽ കാണുന്നത്..


അടുതത്ത  വാമനനാണ്.. വാമനൻ ജനിച്ചപ്പോഴെ തന്നെ വളര്ന്നവനായി ആണ് പറയുന്നത്.. അതായത് മനുഷ്യൻ മൃഗത്തിൽ നിന്ന്  പൂര്ണരൂപമായ മനുഷ്യനിലേക്ക് എത്തിചേരുന്നു എന്നര്ഥം. എപ്പോഴാണോ മനുഷ്യനിൽ ഭാവശുദ്ധിയും ചിത്തശുദ്ധിയും  ഉണ്ടാകുന്നത്  അവിടെ തത്ത്വബോധം ഉണ്ടാകുന്നു.. ഒന്നുകൂടി പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, പഞ്ചകോശങ്ങളും  ചേര്ന്ന ഭൂരൂപമാണ് വാമനൻ... ചെറിയ രൂപമായ വാമനൻ..പക്ഷെ മൂന്നുലോകങ്ങളേയും അളക്കുവാൻ യോഗ്യനായിട്ടും  സ്വയം വിനീതനായി നിൽക്കുന്ന ഭാവവും വാമനനാണ്.. അതായത്  ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം ശാസ്ത്രാഹങ്കാരത്തേയും സ്വാഭാവമാകുന്ന അഹങ്കാരത്തേയും  കളയുക എന്നതാണ്..

അടുത്തത് പരശുരാമനാണ്..ഇവിടെ ബ്രാഹ്മണനാണെങ്കിലും പരശുരാമൻ രജോഗുണം കാണിക്കുന്നു.. ക്ഷത്രിയന്മാരെ നിഗ്രഹിക്കുക എന്ന് കാണിക്കുമ്പോൾ  ഇവിടെ സാധകന്റെ   രജോഗുണങ്ങളുമായി ഉള്ള യുദ്ധത്തെ കാണിക്കുന്നു...പരശു കൊണ്ട്  സ്വന്തം  അമ്മയെ വധിക്കുന്നതിലൂടെ സാധകനിൽ ഉണ്ടാകേണ്ട  വിരക്തിഭാവത്തേയും പരശുരാമൻ പഠിപ്പിച്ചുതരുന്നു.. സാധകന് രജോഗുണം എപ്പോഴും മുന്പിലേക്കുള്ള  പാതയെ തടസ്സപ്പെടുത്തുന്നു  അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കുക എന്നതാണ്  ആദ്യ പടി.


അടുത്തത് ശ്രീരാമനാണ് അവിടെ രജോ ഗുണത്തിൽ നിന്ന്  മുക്തനായി പൂര്ണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി മാറുന്നു.. ഉത്തമപുരുഷനായ രൂപം..അതുകൊണ്ട് തന്നെയാണ് ശ്രീരാമനെ ഉത്തമപുരുഷനെന്ന് നാം പറയുന്നത്.. അതായത് ഒരു സാധകൻ സ്വയം എല്ലാ  ദുര്ഗുണങ്ങളേയും നശിപ്പിച്ച്  ഉത്തമപുരുഷനായി  മാറുന്നു എന്നര്ഥം.


അടുത്തത് ശ്രീകൃഷ്ണനാണ്.. ശ്രീകൃഷ്ണൻ ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ്  ത്രിഗുണാതീതനായി ജീവിക്കുന്നു.. അതായത് മനുഷ്യനും സത്യത്തെ അറിഞ്ഞ്  അതായത് മായയെ മനസ്സിലാക്കി  ജീവിതത്തെ ലീലയായി ആടണം എന്നര്ഥം.. ജീവിതത്തിൽ ഒരു സമയവും കൃഷ്ണനെന്ന വ്യക്തിയിൽ  ദുഃഖത്തെ കാണിക്കുന്നവനായി പറയാറില്ല...ഇതെല്ലാം മായയാണെന്ന് അറിഞ്ഞു ത്രിഗുണാതീതനായി ജീവിതത്തെ സാധകൻ സ്വീകരിക്കണം എന്ന്  ശ്രീകൃഷ്ണാവതാരം കാണിച്ചുതരുന്നു..

അടുത്തത് ബലരാമാവതാരം ആണ്.. ബുദ്ധനെന്നും ചിലരു പറയുന്നു.. ം ജ്ഞാനമസ്യാസ്തീതി.. ആര്ക്കാണോ ശുദ്ധസ്വരൂപമായ ജ്ഞാനമുള്ളത് അവനാണ് ബുദ്ധ..ബലരാമന്റെ അര്ഥം എടുത്താ ബലേന രാമോ രമണം യസ്യ എന്നാണ്.. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ  ജ്ഞാനത്തി രമിക്കുന്നവനായി   മാറുന്നവനാണ് ബലരാമ അഥവാ ബുദ്ധ. അവിടെ സാധക ശുദ്ധമുക്തരൂപമായി   ത്രിഗുണതീതനായി മാറുന്നു

അടുത്തത്  കല്ക്കിയാണ്.. രൂപമില്ലാത്ത ഒന്ന്.. മത്സ്യത്തി   നിന്ന് തുടങ്ങി കല്കിയിലെത്തുമ്പോ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു.. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം..അതാണ് കല്ക്കി..

ചില സമയം ചില തത്ത്വങ്ങളെ എഴുതുവാൻ വാക്കുകൾക്ക്  പരിമിതികൾ ഉണ്ട്.. അതുകൊണ്ട് തന്നെ ശാസ്ത്രത്തെ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് മാറ്റുമ്പോഴും അവിടെ സ്വാഭാവികമായി കുറവുകളും കാണാനാകും.. എന്നിരുന്നാലും ചില തത്ത്വങ്ങളെ മനസ്സിലാക്കാൻ ഇതുകൊണ്ടാകും എന്ന് വിശ്വസിക്കുന്നു.. അതുകൊണ്ട് തന്നെ ഭാഷയുടെ പോരായ്മകളുണ്ടെങ്കിൽ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു. ഹരി ഓം

Wednesday, July 9, 2014

യോഗയും സംഗീതവും



യോഗയും സംഗീതവും 


ഭാരതം, ഈ ലോകത്തിനു പകർന്നു നല്കിയ ഏറ്റവും അമൂല്യമായ രണ്ടു വരദാനങ്ങൾ പരസ്പര പൂരകങ്ങൾ ആയ യോഗയും സംഗീതവും ആണ്. ഗന്ധർവവേദം എന്ന്  എന്ന് പാരമ്പര്യദശയിൽ പറയുന്ന സംഗീതഗ്രന്ഥങ്ങളിൽ പ്രധാനമായത്  നാട്യശാസ്ത്രം, ദത്തിലം, കോഹലമതം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരീ, സംഗീതസമയസാരം, രാഗതരംഗിണി, സ്വരമേളകലാനിധി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീഹൃദയാലങ്കാരം, മാനസോല്ലാസം, സംഗീതസാരസംഗ്രഹം എന്നിവയാണ്. യോഗയിലാകട്ടെ പാതഞ്ജലയോഗസൂത്രം, യോഗാമൃതം, യോഗദര്ശനം, ഹഠയോഗപ്രദീപികാ തുടങ്ങി എണ്ണമറ്റ ഗ്രന്ഥങ്ങൾ ലഭ്യമാണ്. ഉപവേദമായ ഗന്ധർവവേദമാകട്ടെ ദര്ശനത്തിലെ പ്രധാനമായ യോഗമാകട്ടെ  ഭാരതീയമായ അഥവാ ഹൈന്ദവമായ ഏതൊന്നിന്റെയും ലക്ഷ്യാർത്ഥം ഒന്ന് തന്നെ ആകയാൽ ഇവിടെയും അത് മറ്റൊന്നാകാൻ തരമില്ല തന്നെ.


സകല വേദ ശാസ്ത്രങ്ങളും, വിവിധങ്ങളായ ആചരണ പദ്ധതികളും, കര്മ്മ ശാസ്ത്രങ്ങളും ഒക്കെ ഒക്കെ, നല്കുന്ന ലക്‌ഷ്യം, ഏകവും അദ്വിതീയവും ആണ്. അതാണ്‌ 'യോഗം' അത് തന്നെ 'സംഗീതവും'. 'യോഗ' ശബ്ദം സിദ്ധമാകുന്നത്, രണ്ടു രീതിയിൽ ആണ് അഥവാ രണ്ടു തരത്തിൽ യോഗ ശബ്ദത്തെ വ്യാഖ്യാനിക്കാം. 'യുജിര് മേളനെ...' 'യുജിര് സമാധൗ' എന്നും വ്യാഖ്യാനിക്കാം. യുജിര് മേളനെ എന്നാൽ കൂടി ചേരുക..സമ്മേളിക്കുക എന്നർത്ഥം. എന്തിന്റെ സമ്മേളനം? കുറച്ചു കൂടെ ഗഹനമായി ഇറങ്ങിയാൽ, യോഗം എന്നത്, ജീവ - ബ്രഹ്മൈക്യം ആണെന്ന് മനസ്സിലാക്കാം. കേവലങ്ങളായ ആസനമുറകൾ മാർഗ്ഗ തലത്തിൽ ഉള്ളതാണ്. അതിന്റെ ലക്ഷ്യ തലം 'യോഗം' അഥവാ 'ജീവ ബ്രഹ്മൈക്യം' തന്നെ ആണ്. അന്ത:കരണത്തിന്റെ ക്രമികമായ നിയമനം അഥവാ നിയന്ത്രണം, യമ നിയമ പ്രാണായാമ പ്രത്യാഹാരങ്ങളിലൂടെ സിദ്ധമാക്കുന്നതാണ് 'യോഗം'. ഉന്നത തലങ്ങളിൽ അഥവാ ലക്ഷ്യ തലത്തിൽ അത് ബാഹ്യമല്ല ആന്തരികമാണ്‌ . ധ്യാനം, ധ്യാതാവ്, ധ്യേയം തുടങ്ങി ത്രിപുടികളും ഒടുങ്ങുമ്പോൾ അഥവാ ഏകത്തിൽ ലയിക്കുമ്പോൾ ഏതൊരു അവസ്ഥയിൽ എത്തുന്നുവോ അത് തന്നെ യോഗം. ബാഹ്യ ശരീരത്തെ, അഥവാ കർമ്മേന്ത്രിയങ്ങളെ അകമേക്ക് നിയന്ത്രിച്ചു നിർത്തി, ചിന്താ ലേശമന്യേ പ്രജ്ഞയിൽ തുടരുന്നത് യോഗം.


സംഗീതത്തിന്റെ അടിസ്ഥാനം നാദം ആണ്. വേദത്തിന്റെ അടിസ്ഥാനവും നാദം തന്നെ. പ്രപഞ്ച സൃഷ്ടിമുതൽ അവിഭിന്നമായ നാദം, നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു. നിഗൂഡമായ ഡമരു മുഴക്കി കൊണ്ടുള്ള ശിവ താണ്ഡവത്തിന്റെ പ്രതിധ്വനി തന്നെ ഈ പ്രപഞ്ചം. അണു മുതൽ ഈ അനന്ത കോടി പ്രപഞ്ചം മുഴുവൻ നാദത്തിന്റെ അലയൊലികൾ തന്നെ മറ്റൊന്നല്ല. നാദത്തിനെ കുറിച്ച് സംഗീതദാമോദരം പറയുന്നു ന നാദേന വിനാ ഗീതം, ന നാദേന വിനാ സ്വരഃ. ന നാദേന വിനാ രാഗസ്തസ്മാന്നാദാത്മകം ജഗത്. ന നാദേന വിനാ ജ്ഞാനം ന നാദേന വിനാ ശിവഃ. നാദരൂപം പരം ജ്യോതിര്നാദരൂപോ പരം ഹരിഃ. നാദമില്ലാതെ ഗീതം ഇല്ല.. നാദം ഇല്ലാതെ സ്വരവുമില്ല.. നാദമില്ലാതെ രാഗവുമില്ല.. അതുകൊണ്ട് തന്നെ നാദാത്മകം ആണ് ജഗത്. നാദമില്ലാതെ ജ്ഞാനവുമില്ല.. നാദമില്ലാതെ ശിവനുമില്ല.. നാദരൂപം തന്നെയാണ് ജ്യോതി , അതേ നാദംതന്നെയാണ് ഹരിയും..


നാദം എന്നതിന് അര്ഥം പറയുന്നു നദ ശബ്ദേ ഭാവേ ഘഞ്.. അതായത് നാദം എന്നതിന് ശബ്ദം എന്ന് അര്ഥം.. പ്രപഞ്ചം എന്നതിന് ആകട്ടെ പ്രപഞ്ചയതെ എന്നാണ് അര്ഥം പറയുന്നത്.. പ്ര പചി ക്തഃ, അതായത് വ്യക്തീകരണം എന്നാണ് അര്ഥം പറയുക.. പ്രപഞ്ചത്തിന്റെ ഉത്പത്തി പഞ്ചീകരണത്തിലധിഷ്ഠിതമാണ്..അതായത്  ആകാശാത്തിൽ നിന്ന് വായു.. വായുവിൽ നിന്ന് അഗ്നി.. അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് പൃഥിവി ഇതാണ് പഞ്ചീകരണത്തിന്റെ അടിസ്ഥാനം.. ആകാശത്തിൽ നിന്ന് വായു..പക്ഷെ ഈ ആകാശം എന്താണ്.. അതിന് ആചാര്യൻ ഉത്തരം പറയുന്നു, ശബ്ദഗുണകമാകാശം..അതായത് ശബ്ദത്തിന്റെ ഗുണമാണ് ആകാശം.. അതായത് നാദം എന്നതിന്റെ ഗുണമാണ് ആകാശം എന്നര്ഥം..സൂക്ഷ്മമായ നാദബ്രഹ്മം അതിന്റെ ഗുണരൂപമായ ആകാശത്തിലൂടെ സ്ഥൂലമായ പ്രകൃതിസ്വരൂപമായി മാറുമ്പോഴാണ് പഞ്ചീകരണം വരുന്നത്..അതായത് പ്രപഞ്ചം ആയി പരിണമിക്കുന്നത്.. നാദത്തിന്റെ  ഗുണസ്വരൂപമായ ആകാശത്തിൽ നിന്ന് തന്നെയാണ് നാം എല്ലാവരും  ഉണ്ടായിരിക്കുന്നത് എന്നര്ഥം.


ഇവിടെ 'യോഗ''സംഗീതങ്ങളുടെ' ലക്ഷ്യ തലവും മാർഗ്ഗ തലവും, പരസ്പര പൂരകങ്ങൾ ആണെന്ന് കണ്ടെത്താം. അഥവാ സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ രണ്ടും, ഒന്നിന്റെ തന്നെ, പൂരകം ആണെന്നും പറയാം. സ്വര,ഗീത, വർണ്ണ, കൃതികളിലൂടെ, ക്രമാനുഗതമായി, പരാ ഭക്തി (ആത്മ സാക്ഷാത്കാരം അഥവാ ജീവ ബ്രഹ്മൈക്യം തന്നെ) വരെ സഞ്ചരിക്കുന്ന സംഗീതവും, യമ നിയമ പ്രാണായാമ പ്രത്യാഹാരങ്ങളിലൂടെ സാധ്യമാകുന്ന യോഗവും (ആത്മ സാക്ഷാത്കാരം അഥവാ ജീവ ബ്രഹ്മൈക്യം) ഒന്ന് തന്നെ എന്ന് മനസ്സിലാക്കാൻ സാധിക്കും.


ബാഹ്യ തമമായ 'യോഗയിൽ' ശരീര, മന: നിയന്ത്രണത്തിലൂടെ, ബാഹ്യമായതിനെ അന്തർമുഖമാക്കുന്നു. സംഗീതത്തിലാകട്ടെ, ആന്തരികമായതിനെ, നാദത്തിലൂടെ പുറത്തേക്കും, അവിടെ നിന്ന് ഭക്തി അഥവാ യോഗത്തിന്റെ - കൂടിച്ചേരലിന്റെ പരമോന്നതിയിലെക്ക് അനുവാചകനെ പോലും, എത്തിക്കുന്ന തലത്തിൽ യോഗാർത്ഥം അനുഭവിക്കുന്നു. സംഗീതത്തിൽ, ശ്രവ്യം, ശ്രോതാവ്, ശ്രവണം തുടങ്ങിയ ത്രിപുടികളും കടന്നു, നാദം മാത്രം അവശേഷിക്കുന്പോൾ യോഗം സിദ്ധാമാകുന്നു.


ആനന്ദം ജനിപ്പിക്കുന്നത് എന്തോ, അത് നാദം. ആനന്ദം കേവലമായ സന്തോഷം അല്ല. അത് അനുഭവൈകവേദ്യമായ ഉണ്മ. 'ഞാൻ' ഉണ്ട് എന്ന അനുഭവം. ശാരീരികമായി ഉണ്ടാകുന്ന ബോധം അല്ല. വെറുതെ 'ആയിരിക്കുന്ന' അവസ്ഥ. "ജപകോടിഗുണം ധ്യാനം, ധ്യാനകോടിഗുണോ ലയഃ, ലയകോടിഗുണം ഗാനം ഗാനാത് പരതരം ന ഹി " എന്ന പ്രമാണം , വഴി നടത്തുന്നതും മറ്റൊന്നല്ല. ഇവിടെ യോഗം ഗാനം ചെയ്യപ്പെടുന്നതും, ഗായകനും, ശ്രോതാവും, തമ്മിലുള്ള സ്വരൈക്യം തന്നെ ആകുന്നു. ചിണി, ചിണി ചിണീ, ഘണ്ടാനാദഃ, ശംഖനാദഃ, തന്ത്രീനാദഃ, താളനാദഃ,  വേണുനാദഃ, ഭേരീനാദഃ, മൃദംഗനാദഃ, മേഘനാദഃ എന്നിങ്ങനെ നാദത്തെ പത്തുതരത്തി പറയുന്നു. 


കാമകലാവിന്യാസം പറയുന്നു,  അന്തര്മുഖപരമയോഗികളാൽ കാണുന്ന മദ്ധ്യമാ ശക്തി  , സ്ഥൂല സൂക്ഷ്മരൂപത്തിൽ രണ്ടുവിധമാണ്. സമാധിബലത്തിൽ അനുഭവിക്കുന്നതു സൂക്ഷ്മവും,  വര്ണസ്വരൂപത്താൽ പണ്ഡിതപാമരന്മാരാൽ മനസ്സിലാക്കപ്പെടുന്ന വര്ണരൂപങ്ങൾ സ്ഥൂലവും.. അതുകൊണ്ടു തന്നെ പറയുന്നു, സൂക്ഷ്മാ നവനാദമയി, സ്ഥൂലാ നവവര്ണാത്മാ ഇതി. യോഗയിൽ അത് ജ്ഞാനേന്ദ്രിയങ്ങളും, കർമ്മേന്ദ്രിയങ്ങളും ക്രമാനുഗതമായി അടക്കി, ചിന്തകളെ വെടിഞ്ഞു, സത്തയുമായി ഐക്യം പ്രാപിക്കുന്നു. ..അഥവാ അത് 'മേളനം' ആകുന്നു...  വായുനിരോധം കൊണ്ട് സ്വാധിഷ്ഠാനാദികളായ കമലങ്ങളെ ഭേദിച്ച്  ദ്വാദശാന്താരവിന്ദാസനസ്ഥനായ പരമശിവനി ലയിക്കുന്ന മഹാമാതൃകയായ കുണ്ഡലിനിയെ യോഗിക ബഹുവിധനാദരൂപമായി അനുഭവിക്കുന്നു. 


ദേവിയെ വിളിക്കുന്നത് കലാലാപാ എന്നാണ്, കലം മധുരാസ്ഫുടം ആലപതീതി എന്നര്ഥം.. മധുരമായി ആലാപനം ചെയ്യുന്നവളാണ് ദേവി.. അതുതന്നെയാണ് വാക്കിന്റെ സ്വരൂപവും..   അത് തന്നെയാണ്  പരാ രൂപമായി പശ്യന്തി മദ്ധ്യമാ വൈഖരീ രൂപമായി നമ്മളിലൂടെ വരുക..

ഭാരതീയമായ അഥവാ ഹൈന്ദവമായ സമ്പ്രദായങ്ങൾ ഓരോന്നും, നിശ്രേയസ്സിലെക്കുള്ള വഴി തന്നെ ആണ്. 'സംഗീതമായാലും, സാഹിത്യമായാലും, സഗുണ, നിർഗുണ ഉപാസന ആയാലും , ദ്വൈതം ആവട്ടെ, വിശിഷ്ടാദ്വൈതമാവട്ടെ , ഏതൊന്നും ആകട്ടെ, മനുഷ്യനെ പൂർണ്ണ അവബോധതിലെക്ക് - ആത്മ ജ്ഞാനത്തിലേക്ക്, വഴിനടത്താൻ ഉള്ളതാകുന്നു. നാദബ്രഹ്മ മയിയായ ദേവിയുടെ സംഗീതോപാസനയും യോഗദര്ശനവും മറ്റൊന്നല്ല.. ഭാരതീയപാരമ്പര്യത്തിലെ എല്ലാവഴികളും എത്തിക്കുന്നത് ശുദ്ധബോധത്തിലേക്കാണെന്ന് ഉള്ളത്  തര്ക്കമറ്റ വിഷയമാണ്  എന്നത്  വളരെ സാമാന്യര്ക്കു പോലും മനസ്സിലാക്കാനാകുന്നതാണ്..ഹരി ഓം