Friday, October 24, 2014

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍


ദുര്‍ലഭം ത്രയമേവൈതത് ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷത്വം മഹാപുരുഷസംശ്രയ: (വിവേക ചൂഡാമണി)
പുണ്യപാപകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുവാനാണ് മനുഷ്യനായി ജനിക്കുന്നത്. അതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും പുണ്യഫലമായി സുഖവും പാപഫലമായി ദുഖവും അനുഭവിച്ചേ മതിയാകൂ. എന്നാല്‍ മനുഷ്യ ജന്മത്തിന് ഒരു മേന്മയുണ്ട്.

യഥാദര്ശേ തഥാത്മനി യഥാ സ്വപ്നേ തഥാ പിതൃലോകേ
യഥാപ്സു പരീവ ദദൃശേ തഥാ ഗന്ധര്‍വലോകേ
ഛായാതപയോരിവ ബ്രഹ്മലോകേ (കഠോപനിഷത്) എന്നാണു ശ്രുതി. കണ്ണാടിയില്‍ എപ്രകാരം വസ്തുക്കള്‍ പ്രതിബിംബിക്കുന്നുവോ അപ്രകാരം ജ്ഞാനസ്വരൂപനായ ഈശ്വരന്‍ അന്ത:ക്കരണത്തില്‍ പ്രതിബിംബിക്കുന്നു. നിര്‍മ്മലമായ കണ്ണാടിയില്‍ വസ്തുവിന്റെ പ്രതിബിംബം വ്യക്തമായിരിക്കും. കണ്ണാടി മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അതുപോലെ അന്ത:ക്കരണം നിര്‍മ്മലമാണെങ്കില്‍ ഈശ്വരപ്രതിബിംബം സലക്ഷണമായിരിക്കും. മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അന്തക്കരണത്തില്‍ മാലിന്യം വിഷയവാസനകളാണ്. വിഷയവാസനകള്‍ അന്ത:ക്കരണത്തെ എപ്പോഴും ബാഹ്യവിഷയാഭിമുഖമായി വിക്ഷേപിപ്പിക്കുക തന്നെ ചെയ്യും

ഇഹചേദവേദീദഥ സത്യമസ്തി
നചേദിഹാവേദീന്മഹതീ വിനഷ്ടി (കേനോപനിഷത്ത്)

ഈ ജീവിതത്തില്‍ തന്നെ ഈശ്വരതത്വം ബോധിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമാകും. അല്ലെങ്കില്‍ നഷ്ടം വളരെ വലുതാണ് എന്ന് ശ്രുതി നിര്‍ദ്ദേശിക്കുന്നു. മോചിക്കുവാനുള്ള ആഗ്രഹമാണ് മുമുക്ഷുത്വം. മോചിക്കേണ്ടത് ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നാണ്. ജീവന്‍ സ്വയം സൃഷ്ടിച്ചു വച്ചിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നും മോചിക്കുമ്പോഴാണ് തന്റെ യഥാര്‍ത്ഥ സ്വരൂപം ബോധിക്കാന്‍ സാധിക്കുന്നത്.
മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ബാഹ്യവിഷയങ്ങളെ മാത്രം അറിയാന്‍ കഴിയുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അതുകൊണ്ട് അന്തരാത്മചൈതന്യമായി സ്വയം പ്രകാശമാനമായിരിക്കുന്ന ഈശ്വരനെ അറിയാന്‍ സാധിക്കുന്നില്ല. ബഹിര്‍മുഖമായി മാത്രം വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളെയും അന്ത:ക്കരണത്തെയും ക്രമേണ വിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു സാന്ദ്രാനന്ദാവബോധസ്വരൂപമായി അന്തരാത്മാവായിരിക്കുന്ന ഈശ്വരതത്വത്തെ സാക്ഷാത്കരിക്കാനുള്ള പദ്ധതികളാണ് മഹര്‍ഷീശ്വരന്മാര്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലൂടെ ബോധിപ്പിച്ചിരിക്കുന്നത്. ശ്രുതിപ്രസിദ്ധമായ വിധികളെല്ലാം തന്നെ മനുഷ്യനെ നേരിട്ടോ പരമ്പരയായോ ഈശ്വരസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നതാണ്. പുരുഷാര്‍ത്ഥങ്ങള്‍-ജീവിതം പ്രയോജനമുള്ളതാക്കാന്‍ വേണ്ട സാധനങ്ങള്‍-നാലാണ്. അവ ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം ഇവയാണ്. ഇവയില്‍ മോക്ഷമാണ് പരമപുരുഷാര്‍ത്ഥം.

"ജഗത:സ്ഥിതികാരണം പ്രാണിനാം സാക്ഷാദ്‌ അഭ്യുദയനി:ശ്രേയസഹേതു സ: ധര്‍മ്മം" എന്ന് ആചാര്യപാദര്‍ ധര്‍മ്മത്തെ നിര്‍വചിച്ചിരിക്കുന്നു. ഈ ധര്‍മ്മം അനുഷ്ഠിക്കേണ്ടത് വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചു കൊണ്ടാണ്. ഇന്ന് വര്‍ണ്ണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്തെന്നറിയാതെ ചന്ദ്രഹാസമിളക്കുന്നവരുണ്ട്. വര്‍ണ്ണം ജാതിവ്യവസ്ഥയല്ല.ഓരോരുത്തരുടെയും ഗുണഘടനയ്ക്കനുസരിച്ചു സ്വാഭാവികമായി ഉള്ളതാണു.
 എല്ലാ പ്രാണികളിലും സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ ഉണ്ട്.എന്നാല്‍ അവയില്‍ ഏതിനാണോ പ്രാധാന്യം അതനുസരിച്ചായിരിക്കും പ്രവൃത്തി. സത്വപ്രധാനിക്ക് ഇന്ദ്രിയമനോനിയന്ത്രണം, തപസ്സ്, ശൌചം, ക്ഷമ, ഋജുത്വം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ സ്വാഭാവികമായി ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ബ്രാഹ്മണനാണ്. രാജസപ്രധാന സാത്വികതാമസഗുണമുള്ളവര്‍ക്ക് ശൌര്യം, കര്‍മ്മനിപുണത, ധര്‍മ്മയുദ്ധങ്ങളില്‍ നിന്നും പിന്തിരിയാതിരിക്കുക, ദാനം, നിയന്ത്രണം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ക്ഷത്രിയനാണ്. രാജസപ്രധാന താമസസാത്വികഗുണമുള്ളവര്‍ക്ക് കൃഷി വാണിജ്യം ഗോരക്ഷ തുടങ്ങിയവയിലായിരിക്കും അഭിരുചി. അവര്‍ വൈശ്യരാണ്. താമസപ്രധാനിക്ക് പരിചര്യാത്മകമായ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. മനുഷ്യരുടെ ഗുണമനുസരിച്ച് സ്വാഭാവികമായി സ്വാഭാവികമായി സ്വീകരിക്കുന്ന കര്‍മ്മമാണ് വര്‍ണ്ണം കൊണ്ട് വൈദികകാലത്ത്‌ ഉദ്ദേശിച്ചിട്ടുള്ളത്. ഒരേ അച്ഛനും അമ്മയ്ക്കും നാല് വര്‍ണ്ണത്തില്‍ പെട്ട മക്കള്‍ ഉണ്ടായിരുന്നു എന്നും അവര്‍ യാതൊരു ഉച്ചനീചത്വവുമില്ലാതെ കഴിഞ്ഞിരുന്നു എന്നും വേദത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയും. ഗുണഘടന അനുസരിച്ചേ മനുഷ്യന് കര്‍മ്മം ചെയ്യുവാന്‍ സാധിക്കൂ. അതാണ്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കും അഭിവൃദ്ധിക്കും യോജിച്ചതും .

സ്വധര്‍മ്മമനുഷ്ഠിച്ച്‌ ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു    പാഠ്യവിഷയങ്ങള്‍.
അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്‌. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്. സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൌകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച്‌ പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.
ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത് എന്നും വിധിയുണ്ട്.
സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. “മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി “ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്‌. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.
ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം എന്ന് ശ്രുതിയിലും “യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം” എന്ന് സ്മൃതിയിലും പറയുന്നുണ്ട്. എന്നാല്‍ ഇന്ന് യാതൊരു അധികാരിതയുമില്ലാതെ സ്ഥാനവും സമ്പത്തും മാത്രം ആഗ്രഹിച്ചു അനേകം പേര്‍ സംന്യാസം സ്വീകരിക്കുന്നുണ്ട്. സംന്യാസത്തിന്റെ അംഗം എന്ന നിലയില്‍ കാവി സ്വീകരിക്കുന്നുണ്ടെങ്കിലും ഭോഗാസക്തിയുള്ളതുകൊണ്ട് ജ്ഞാനം സംന്യാസലക്ഷണം എന്ന പ്രമാണമനുസരിച്ച് ബ്രഹ്മവിദ്യാസമ്പാദനത്തിനു പരിശ്രമിക്കാതെ എപ്പോഴും ഭോഗ്യവിഷയങ്ങളില്‍ തന്നെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള കാവിവസ്ത്രധാരികള്‍ ഇന്നു പലേ ആശ്രമങ്ങളുടെയും ഭരണസാരഥ്യം വഹിച്ച് അവിടുത്തെ ആധ്യാത്മികസംസ്കാരത്തെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഹൈന്ദവധര്‍മ്മത്തോടും മോക്ഷപ്രാപ്തിക്കു “പാരിപാടികങ്ങളായ പരിശീലനങ്ങള്‍” നല്‍കാന്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആചാര്യന്മാരോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്. ആധ്യാത്മികജിജ്ഞാസയോടെ സംന്യാസാശ്രമത്തില്‍ ചെല്ലുന്നവര്‍ക്ക് നിരാശരായി മടങ്ങിപ്പോകേണ്ടി വരുന്നത് ഇന്നത്തെ ആശ്രമങ്ങളുടെ ശോച്യാവസ്ഥ തന്നെയാണ്.


No comments:

Post a Comment