ഭാരതീയജനപദങ്ങളിലൂടെ ഒരു യാത്ര...
ഇതിഹാസപുരാണങ്ങളുടെപഠനത്തിൽ പ്രത്യേകിച്ച് ഹിസ്റ്ററി പഠിക്കുമ്പോൾ വരുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആ സമയത്തെ ജനപദങ്ങളെ കുറിച്ചുള്ള വിവരണങ്ങളുടെ അപര്യാപ്തത. ഭാരതത്തിലെ ജനപദങ്ങളേതെല്ലാം അവ എവിടെയാണ് എന്നറിയുന്നത് വളരെ രസകരമായിരിക്കും.
വൈദ്യനാഥം തുടങ്ങി ഭുവനേശാന്തം വരെ അംഗദേശം. രത്നാകരം തുടങ്ങി ബ്രഹ്മപുത്രാന്തം വരെ വംഗദേശം എന്ന സിദ്ധദേശം ആണ്. ജഗന്നാഥന്റെ പൂർവഭാഗം മുതൽ കൃഷ്ണയുടെ തീരം വരെ കലിംഗദേശം വാമമാര്ഗികളുടെ സ്ഥലം ആണ്. കലിംഗം തുടങ്ങി 85 യോജന ദക്ഷിണഭാഗം കാലിംഗം. സുബ്രഹ്മണ്യം തുടങ്ങി ജനാര്ദ്ദനം വരെ കേരളദേശം അഥവാ സിദ്ധകേരളം. രാമേശ്വരം മുതൽ വ്യംകടദേശം വരെയുള്ളത് ഹംസകേരളം. അനന്തശൈലം മുതൽ കാണപ്പെടുന്നത് സർവേശം എന്ന് വിളിക്കുന്ന കേരളം ആണ്. ശാരദാമഠം മുതൽ കുംകുമാദ്രി തടം വരെയുള്ള അഞ്ഞൂറു യോജന പര്യന്തമുള്ളതിനെ കാശ്മീരദേശം എന്ന് വിളിക്കുന്നു. കാലേശ്വരം, ശ്വേതഗിതി, ത്രൈപുരം നീലപർവതം, ഗണേശഗിരി മൂര്ദ്ധാവായുള്ള ദേശം കാമരൂപ. ത്രിപഞ്ചകം തുടങ്ങിയുള്ള മദ്ധ്യഭാഗദേശത്തെ ഉജ്ജയിനീ എന്ന് വിളിക്കുന്നു. മാര്ജ്ജാരതീര്ഥം തുടങ്ങി കോലാപുരദേശത്തേയും ഉള്പ്പെടുത്തി മഹാരാഷ്ട്രയെന്നു വിളിക്കുന്നു. ജഗന്നാഥന്റെ ഊര്ധ്വഭാഗം തുടങ്ങി ശ്രീഭ്രമാരാത്മിക വരെയുള്ളതാണ് ആന്ധ്രാ. കൊങ്കണത്തിന്റെ പശ്ചിമതീര്ഥം സമുദ്രപ്രാന്തം കാണുന്നതുവരേയും ഹിംഗുലാജാന്തകമായ പത്തുയോജന ദേശത്തെ സൌരാഷ്ട്രം അഥവാ ഗുര്ജ്ജരദേശമെന്നും അതിനെ വിളിക്കുന്നു. ശ്രീശൈലം തുടങ്ങി ചോലേശത്തിന്റെ മധ്യഭാഗം വരെ തൈലംഗദേശമാണ്. അതാകട്ടെ ധ്യാനാധ്യയനതത്പരരുടെ സ്ഥലം കൂടിയാണ്. സുരാംബിക മുതൽ മലായദ്യന്തം വരെ ഉള്ളതാണ് മലയാളദേശം. ഈ ദേശത്തെ മന്ത്രസിദ്ധിപ്രവര്ത്തകരുടെ ദേശമായും പറയുന്നു. രാമനാഥം തുടങ്ങി ശ്രീരംഗത്തിന്റെ അന്തം വരെയുള്ള സ്ഥലത്തെ കര്ണാടദേശം എന്ന് വിളിക്കുന്നു. സാമ്രാജ്യഭോഗത്തെ പ്രദാനം ചെയ്യുന്ന താമ്രപര്ണി തുടങ്ങി ശൈര്ദ്ധശിഖരത്തിന്റെ ഊര്ധ്വം വരെയുള്ള കാലികാ ദേവി സ്ഥിതിചെയ്യുന്ന ഭാഗമാണ് അവന്തീ. ഭദ്രകാളി പൂർവത്തിലും പശ്ചിമഭാഗത്ത് രാമദുര്ഗവും വൈദര്ഭിയും സ്ഥിതിചെയ്യുന്നതുമായ ദേശമാണ് ശ്രീവിദര്ഭാ. ഗുര്ജ്ജരദേശത്തിന് പൂർവഭാഗത്ത് ദ്വാരകവരെയുള്ള ദക്ഷിണഭാഗത്തെ മരുദേശം എന്ന് വിളിക്കുന്നു. ശ്രീകോംകണദേശത്തിന്റെ അധോഭാഗത്ത് തുടങ്ങി പശ്ചിമം വരെയുള്ള ദേശമാണ് ആഭീരദേശം. ഇതിനെ വിന്ധ്യശൈലം എന്നും വിളിക്കുന്നു. അവന്തിയുടെ പൂർവഭാഗം തുടങ്ങി ഗോദാവരി വരെയുള്ള ഉത്തരഭാഗത്തെ മാളവ എന്ന് പ്രസിദ്ധദേശമാണ്. ദ്രാവിഡ തൈലുംഗനയുടെ മധ്യത്തിലുള്ള ദേശമാണ് ചോലദേശം അഥവാ ലംബകര്ണം. കുരുക്ഷേത്രയുടെ പശ്ചിമഭാഗത്തേയും അതുപോലെ അതിന്റെ ഉത്തരഭാഗത്തേയും ഇന്ദ്രപ്രസ്ഥം എന്നും ദശയോജന ദൂരത്തിൽ പാഞ്ചാലദേശം എന്നും വിളിക്കുന്നു. പാഞ്ചാലം തുടങ്ങി മ്ലേച്ഛത്തിന്റെ ദക്ഷിണപൂർവഭാഗദേശം ആണ് കാംബോജം. വൈദര്ഭദേശത്തിന്റെ ഊര്ധ്വം തുടങ്ങി ഇന്ദ്രപ്രസ്ഥത്തിന്റെ ദക്ഷിണവും അതുപോലെ മരുദേശത്തിന്റെ പൂർവഭാഗവും ആണ് വൈരാടം. കാംബോജത്തിന്റെ ദക്ഷിണവും ഇന്ദ്രപ്രസ്ഥത്തിന്റെ പശ്ചിമഭാഗവുമായ ദേശം ആണ് പാണ്ഡ്യദേശം. ഗണ്ഡകീ തീരം തുടങ്ങി ചമ്പാരണ്യത്തിന്റെ അവസാനം വരെയുള്ളതിനെ വിദേഹ എന്ന് വിളിക്കുന്നു. കാംബോജം തുടങ്ങി മഹാമ്ലേച്ഛയുടെ പൂർവഭാഗം ആണ് വാഹ്നീകദേശം. തപ്തകുണ്ഡം തുടങ്ങി രാമക്ഷേത്രം വരെയുള്ളത് കിരാതദേശം. കിരാതം തുടങ്ങി ഹിംഗുലത്തിന്റെ അവസാനം വരെയുള്ളതിനെ മുല്താനദേശം എന്ന് വിളിക്കുന്നു. ഹിംഗുപീഠം തുടങ്ങി മക്കേശത്തിന്റെ അന്തം വരേയുള്ളത് ഖുരാസാനം. അതിന്റെ മധ്യഭാഗവും ഉത്തരഭാഗവും ഐരാകം എന്നും അറിയപ്പെടുന്നു. കാശ്മീരം തുടങ്ങി കാമരൂപം പശ്ചിമം ഭാഗവരേയും ഭോടാന്തദേശം എന്ന പേരിലും. മാനസ ദക്ഷിണം തുടങ്ങി മാനസേശന്റെ ദക്ഷിണഭാഗം വരെ ചീനദേശം എന്ന പേരിലും അറിയപ്പെടുന്നു. കൈലാനീരം തുടങ്ങി സരയൂ തീരം വരെയുള്ളതാണ് അമരഗം. ജടേശ്വരം തുടങ്ങി യോഗിനിയുടെ അന്തം വരെ നേപാള ദേശം. ഗണേശ്വരം തുടങ്ങി മഹോദയത്തിന്റെ അന്തം വരെയുള്ളത് ശിലഹട്ടം. വംഗദേശം മുതൽ ഭുവനേശം വരെയുള്ളത് ഗൌഡദേശം. ഗോകര്ണത്തിന്റെ പൂർവഭാഗം മുതൽ ആര്യാവര്ത്തത്തന്റെ ഉത്തരഭാഗവും തൈരഭുക്തത്തിന്റെ പശ്ചമിവും മഹാപൂര്യത്തിന്റെ എല്ലാ ഭാഗവും ചേര്ത്ത് മഹാകോശലദേശം എന്നറിയപ്പെടുന്നു. വ്യാസേശ്വരം തുടങ്ങി തപ്തകുണ്ഡത്തിന്റെ അവസാനം വരെയുള്ളത് ആണ് മഗധ. ജഗന്നാഥപ്രാന്തദേശത്തെ ഉത്കലം എന്ന് പറയുന്നു. കാമഗിരി തുടങ്ങി ദ്വാരകയുടെ അന്തം വരെയുള്ളതാണ് ശ്രീകുന്തളം . കാമഗിരിയുടെ ദക്ഷിണഭാഗവും മരുദേശത്തിന്റെ ഉത്തരഭാഗത്തെ ഹൂണദേശം എന്നു വിളിക്കുന്നു. അഭ്യംഗം തുടങ്ങി കോടിദേശത്തിന്റെ മദ്ധ്യംവരെയുള്ള സമുദ്രപ്രാന്തദേശത്തെയാണ് കോംകണദേശം എന്ന് വിളിക്കുന്നത്. ബ്രഹ്മപുത്രയുടേയും കാമരൂപത്തിന്റേയും മദ്ധ്യഭാഗമാണ് കൈകയദേശം. മാഗധയുടെ ദക്ഷിണഭാഗവും വിന്ധ്യന്റെ പശ്ചിമഭാഗത്തേയും സൌരസേനീ എന്ന് പേരിലാണ് വിളിക്കുന്നത്. ഹസ്തിനപുരം തുടങ്ങി കുരുക്ഷേത്രയുടെ ദക്ഷിണവും ചേര്ന്ന പാഞ്ചാലപൂർവഭാഗം കുരുദേശം എന്ന പേരിലറിയപ്പെടുന്നു. മരുദേശത്തിന്റെ പൂർവഭാഗവും കാമാദ്രിയുടെ ദക്ഷിണഭാഗവും ചേര്ന്നത് ആണ് സിംഹളം. ശിലഹട്ടയുടെ പൂർവഭാഗവും കാമരൂപത്തിന്റെ ഉത്തരഭാഗവും ചേര്ന്നത് പുലന്ധ്രി. ഗണേശ്വരത്തിന്റെ പൂർവഭാഗവും സമുദ്രത്തിന്റെ ഉത്തരഭാഗവും ചേര്ന്നത് കച്ഛദേശം. പുലിന്ദത്തിന്റെ ഉത്തരഭാഗവും കച്ഛിന്റെ പശ്ചിമഭാഗവും ചേര്ന്നത് മത്സ്യദേശം. വൈരാടത്തിന്റേയും പാണ്ഡ്യത്തിന്റേയും മധ്യത്തിൽ പൂർവദക്ഷിണക്രമത്തിൽ ഉള്ളതിനെ മദ്രദേശം എന്ന് വിളിക്കുന്നു. ശൂരസേനത്തിന്റെ പൂർവഭാഗവും ഗണ്ഡകിയുടെ പശ്ചിമവും ചേര്ന്നത്. ലംകാ പ്രദേശം തുടങ്ങി മക്കാപര്യന്തമുള്ളത് സൈന്ധവമെന്നും അറിയപ്പെടുന്നു. ഇതാണ് നമ്മുടെ ഇതിഹാസപുരാങ്ങളിലും മറ്റ് രചനകളിലും പറഞ്ഞിരിക്കുന്ന ദേശഭേദങ്ങൾ.
ഇതിൽ വളരെ രസകരമായി തോന്നിയത് കേരളദേശത്തെ മലയാളദേശം, സർവേശം, സിദ്ധകേരളം ഹംസകേരളം എന്നിങ്ങനെ പ്രത്യേകമായി പറയുന്നുണ്ട് എന്നതാണ്. നാം സാമാന്യമായി കേള്ക്കാത്ത ഒന്നാണ് കേരളത്തിനു മാത്രമായി ഉള്ള ഈ വിഭജനം. ഇതിഹാസമായ മഹാഭാരതത്തേയും രാമായണത്തേയും ഈ ദേശങ്ങളെ മുൻനിര്ത്തി നോക്കിയാൽ അതിൽ പറഞ്ഞിരിക്കുന്ന ഏകദേശം സ്ഥലങ്ങളെല്ലാം തന്നെ നമുക്ക് ഇവിടെ കാണാനാകും. ഇതിഹാസത്തെ വര്ണിച്ചിരിക്കുന്നത് ആരായാലും അദ്ദേഹം ഈ ദേശങ്ങളിലൂടെ കൃത്യമായി സഞ്ചരിച്ചു തന്നെയാണ് വര്ണിച്ചിരിക്കുന്നത് എന്നതിന് ഈ ദേശങ്ങളുടെ വിവരണം തന്നെ ഉത്തമ ഉദാഹരണമാണ്. കൂടുതലായി നാം ഈ സംസ്കൃതഗ്രന്ഥ രചനകളിലൂടെ പോകുന്നത് ചരിത്രത്തെ മനസ്സിലാക്കാൻ ഒരുപാടു ഗുണം ചെയ്യും. കൂടുതൽ റിസര്ച്ച് ചെയ്യുന്നതിന് ആളുകൾ മുന്പോട്ടു വരുമെന്ന് പ്രത്യാശിക്കാം. ഹരി ഓം
No comments:
Post a Comment